സൂപ്പര്‍ താരങ്ങളായ സുവാരസും റാക്കിട്ടിച്ചും ടീം വിട്ടതും മെസ്സിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ടീമിനെ ഉലച്ചില്ലെന്നു തെളിയിക്കുന്ന വിജയമായി ബാഴ്സയുടേത്. യുവതാരം അന്‍സു ഫാറ്റിയുടെ ഇരട്ട ഗോളും ക്യാപ്റ്റന്‍ മെസിയുടെ പെനാല്‍റ്റിയും വിയ്യ റയല്‍ പ്രതിരോധക്കാരന്‍ ടോറസിന്‍റെ സെല്‍ഫ് ഗോളുമാണ് ബാഴ്സക്ക് ജയമൊരുക്കിയത്.രണ്ടു ഗോള്‍ നേടിയ അന്‍സു ഫാറ്റിയായിരുന്നു ബാഴ്സയുടെ കുന്തമുന. അറ്റാക്കിങ് മിഡ്ഫീല്‍ഡറായി ഇറങ്ങിയ ഫാറ്റി 15ാം മിനിറ്റില്‍ തന്നെ വല കുലുക്കി. നാല് മിനിറ്റിനുള്ളില്‍ രണ്ടാമതും ഫാറ്റിയുടെ ഗോള്‍ വന്നു.ആക്രമിച്ച് കളിച്ച ഫാറ്റിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി മെസി ലക്ഷ്യത്തിലെത്തിച്ചതോടെ ഗോള്‍ മൂന്നായി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കേ ടോറസിന്‍റെ കാലില്‍ തട്ടിയ പന്ത് വിയ്യ റയലിന്‍റെ വലയിലേക്ക് തന്നെ വീണതോടെ ബാഴ്സക്ക് നാല് ഗോള്‍ ലീഡായി.രണ്ടാംപകുതിയില്‍ ബാഴ്സയെ പിടിച്ചുകെട്ടാന്‍ വിയ്യ റയല്‍ കളിക്കാര്‍ കഠിനാധ്വാനം ചെയ്തു. ഇരു ടീമും പൊരുതിയെങ്കിലും കൂടുതല്‍ ഗോള്‍ പിറന്നില്ല.ബാഴ്സയുടെ അടുത്ത മത്സരം ഒക്ടോബര്‍ രണ്ടിന് സെല്‍റ്റ വിഗോക്കെതിരെയാണ്.