ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിറിന്‍റെ സംസ്കാരം ഇന്ന്; രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അസ്സ്വബാഹിന്‍റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും. അമേരിക്കയില്‍ ചികിത്സയിലിരിക്കെ ചൊവാഴ്ച പുലര്‍ച്ചെയാണു കുവൈത്തിന്‍റെ പതിനഞ്ചാമത് ഭരണാധികാരിയായ ഷെയ്ഖ് സബാഹ് വിട പറഞ്ഞത്. വിവിധ ലോകനേതാക്കള്‍ കുവൈത്ത് ഭരണാധികാരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.ജൂലായ് 22 നാണു കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അസ്സ്വബാഹിനെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ട് പോയത്. രണ്ടു മാസക്കാലം നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ ചൊവാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. വൈകീട്ട് ദേശീയ ടെലിവിഷന്‍ ചാനലിലൂടെ അമീരി ദിവാന്‍ മരണവിവരം ഔദ്യോഗികമായി പുറത്തു വിട്ടു. കുവൈത്ത് ജനതക്കൊപ്പം പ്രവാസി സമൂഹവും വേദനയോടെയാണ് ആ വാര്‍ത്ത കേട്ടത്അമീറിന്‍റെ വിയോഗത്തെ തുടര്‍ന്ന് കുവൈത്തില്‍ മൂന്ന് ദിവസത്തെ പൊതു അവധിയും നാല്പതു ദിവസത്തെ ദുഃഖാചരണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്കുവൈത്തിന്‍റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹിനെ തെരഞ്ഞെടുത്തു. ചൊവാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്‍റെ പതിനാറാമത് അമീര്‍ ആയി തെരഞ്ഞെടുത്തത്.ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്ബ് ഭരണഘടനാപരമായ ചില അധികാരങ്ങള്‍ അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു. അമീറിന്‍റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ച ഉടന്‍ മന്ത്രിസഭ പ്രത്യേകയോഗം ചേര്‍ന്ന് ഭരണസാരഥ്യം ഏറ്റെടുക്കാന്‍ ഷെയ്ഖ് നവാഫിനോട് ആവശ്യപ്പെടുകയായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സ്വാലിഹ് ദേശീയ ടെലിവിഷന്‍ ചാനലിലൂടെയാണ് പുതിയ അമീറിനെ തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്.

Comments (0)
Add Comment