മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ ഒരാഴ്ച ശേഷിക്കെ സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 567 മില്ലീമീറ്ററിന് മുകളിലാണ് ഈ മാസം സംസ്ഥാനത്ത് മഴ ലഭിച്ചത്. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്റ്റംബര്‍ മാസം എന്ന റെക്കോര്‍ഡ് ഇനി 2020ന് സ്വന്തം. കഴിഞ്ഞ നാല് ദിവസം മാത്രം 169.5 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്.2007ല്‍ പെയ്ത 550.2 മില്ലിമീറ്റര്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ ലഭിക്കേണ്ട ശരാശരി മഴ 259.6 മില്ലിമീറ്ററാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ ശരാശരിയെക്കാള്‍ ഇരട്ടിയിലധികമായി സംസ്ഥാനത്ത് മഴ ലഭിച്ചു. കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തില്‍ ഇതിന് മുന്‍പ് രണ്ട് തവണ മാത്രമാണ് സെപ്റ്റംബറില്‍ 500 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചത്. 1998ലും 2007ലും. കഴിഞ്ഞ 20 വര്‍ഷത്തില്‍ 13 തവണയും കേരളത്തില്‍ ശരാശരിക്ക് മുകളില്‍ മഴ ലഭിച്ചു. അതില്‍ തന്നെ ആറ് തവണ 400 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ മഴയുടെ റെക്കോര്‍ഡ് തിരുത്തിയിരുന്നു. 951 മില്ലിമീറ്റര്‍ മഴ പെയ്ത 2019ല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ഓഗസ്റ്റ് മാസം എന്ന റെക്കോര്‍ഡ് നേടിയിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ മഴ തുടരുമെങ്കിലും ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്.