അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കെ ആവനാഴിയില്‍ ആയുധങ്ങള്‍ നിറച്ച്‌ ഇന്ത്യ

അടുത്ത ആഴ്ചയില്‍, 800 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള നിര്‍ഭയ് സബ്സോണിക് ക്രൂയിസ് മിസൈല്‍ വിക്ഷേപിക്കുന്നതോടെ 35 ദിവസത്തിനിടെ ഇന്ത്യ നടത്തുന്ന പത്താമത്തെ പരീക്ഷണമാകും അത്‌.കഴിഞ്ഞ ഒരു മാസത്തോളമായി 4 ദിവസത്തില്‍ ഓരോ മിസൈലെന്ന തോതിലാണ് അത്യാധുനിക മിസൈലുകള്‍ ഇന്ത്യ പരീക്ഷിക്കുന്നത്. പ്രതിരോധ ആയുധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായി തദ്ദേശീയ ആയുധങ്ങള്‍ വികസിപ്പിക്കുന്നത് ത്വരിതപ്പെടുത്തിയിരിക്കുകയാണ്‌. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും ചൈന പിന്‍വാങ്ങാന്‍ വിസമ്മതിച്ചതിനു പിന്നാലെയാണ് തുടരെത്തുടരെ അത്യാധുനിക മിസൈല്‍ സംവിധാനങ്ങള്‍ ഇന്ത്യ പരീക്ഷിക്കാനാരംഭിച്ചത്.അതിര്‍ത്തി പ്രശ്നങ്ങള്‍ തലപൊക്കി പുറത്തു വരുന്ന ഈ സാഹചര്യത്തില്‍ ആയുധ വികസനം ത്വരിതപ്പെടുത്താന്‍ ഡി.ആര്‍.ഡി.ഒയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചിരുന്നുവെന്ന് ആയുധ വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇന്ത്യ ഏറ്റവുമൊടുവില്‍ നടത്തിയ ആന്റി റേഡീയേഷന്‍ മിസൈല്‍ രുദ്രം 1-ന്റെ പരീക്ഷണവും വിജയകരമായിരുന്നു.

Comments (0)
Add Comment