അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാജ്യം ഇടപെട്ടാല്‍ കനത്ത വില നല്‍കേണ്ടി വരും

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാജ്യത്തിന്‍റെ ഭാഗത്ത് നിന്നും അനാവശ്യമായ കൈകടത്തല്‍ ഉണ്ടായാല്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അവസാന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇടപെടുകയാണെങ്കില്‍, ഏത് രാജ്യമായാലും, അത് ആരായാലും, അവര്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഞാന്‍ വ്യക്തമാക്കുകയാണ് “-ബിഡെന്‍ പറഞ്ഞു.നവംബര്‍ മൂന്നിന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി റഷ്യയും ഇറാനും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം യുഎസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ജോ ബൈഡന്‍റെ മുന്നറിയിപ്പ്. അതേസമയം സംവാദത്തില്‍ മുഖ്യ ചര്‍ച്ചാ വിഷയമായത് കോവിഡ് പ്രതിരോധം, വംശീയത, കാലാവസ്ഥ വ്യതിയാനം എന്നിവയാണ്. ആദ്യ സംവാദത്തില്‍ ഇരു നേതാക്കളും പരസ്പരം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ഇത്തവണ മ്യൂട്ട് ബട്ടന്‍ സൗകര്യമൊരുക്കിയിരുന്നു. ട്രംപിന്‍റെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് രണ്ടാമത്തെ സംവാദം റദ്ദാക്കിയിരുന്നു.കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യം (ഡാകാ) പുനഃസ്ഥാപിക്കുമെന്നതായിരുന്നു ജോ ബൈഡന്‍റെ പ്രധാന പ്രഖ്യാപനം. കുട്ടികളായിരിക്കെ രേഖകളില്ലാതെ യുഎസില്‍ എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമമാണ് ഇത്. അധികാരത്തിലെത്തിയാല്‍ നൂറ് ദിവസത്തിനുള്ളില്‍ ഈ നിയമം പുനസ്ഥാപിക്കും. ഇന്ത്യക്കാരടക്കമുള്ളവര്‍ പ്രയോജനപ്പെടുന്ന നിയമമാണ് ഇത്.കൊവിഡ് പ്രതിരോധം, വാക്സിന്‍ എന്നിവയിലും വാശിയേറിയ ചര്‍ച്ചകള്‍ നടന്നു. രാജ്യത്തെ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഭരണകൂടം നിര്‍ണായക ശ്രമങ്ങള്‍ നടത്തിയെന്ന് ട്രംപ് സംവാദത്തിനിടെ വ്യക്തമാക്കി. എന്നാല്‍ കൊവിഡ് പ്രതിരോധത്തില്‍ ട്രംപിനെ രൂക്ഷമായാണ് ബൈഡന്‍ വിമര്‍ശിച്ചത്. ട്രംപിന്റെ ഭരണപരാജയമാണ് കൊവിഡ് ഇത്രയും വഷളാക്കിയതനെന്ന് ബൈഡന്‍ വിമര്‍ശിച്ചു.തന്റെ പദ്ധതികള്‍ കൃത്യമായ സമയക്രമത്തില്‍ നീങ്ങുന്നുവെന്നാണ് ട്രംപ് മറുപടിയായി പറഞ്ഞത്. ആഴ്്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്‌സിന്‍ തയ്യാറാകുമെന്നും ട്രംപ് അവകാശപ്പെട്ടു. അതിനിടെ ഇന്ത്യക്കെതിരേയും ട്രംപിന്‍റെ ഭാഗത്ത് നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടായി. കാലാവസ്ഥ വൃതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയിലാണ് ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ വിമര്‍ശനം. കാലാവസ്ഥ വൃതിയാനത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ താരതമ്യപ്പെടുത്തിയാണ് ട്രംപ് വിമര്‍ശിച്ചത്. ലോകത്തെ ഏറ്റവും മലിനമായ വായു ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണെന്നായിരുന്നു ട്രംപിന്‍റെ വിമര്‍ശനം.

Comments (0)
Add Comment