ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് ചുരുങ്ങുന്നു

പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന ഇടിവാണ് ആക്ടീവ് കേസുകള്‍ കുറയുന്നെന്ന ആശ്വാസകരമായ വസ്തുതയിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 79,90,322 ആയി. എന്നാല്‍ തൊട്ട് മുന്‍പത്തെ ദിവസത്തെ അപേക്ഷിച്ച്‌ ഇന്നലെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.508 പേരാണ് കഴിഞ്ഞ മണിക്കൂറുകളില്‍ രാജ്യത്തെ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,20,010 ആയി ഉയര്‍ന്നു. നിലവില്‍ 6,10,803 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 15,054 പേരുടെ കുറവ് റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 72,59,509 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്നലെ മാത്രം ഇത് 58,439 പേരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.അതേസമയം, രാജ്യത്ത് കോവിഡ് രോഗ ബാധ കുറയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്ബോഴും രോഗ വ്യാപനത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ശന ഇടപെടലിന് നിര്‍ദേശിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തി. കോവിഡ് ബാധയും മരണവും നിയന്ത്രിക്കാന്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോടാണ് കേന്ദ്രത്തിന്റെ ആവശ്യം.കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 78 ശതമാനം കേസുകളും. കഴിഞ്ഞ ദിവസവും നാലായിരത്തില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളവും പശ്ചിമബംഗാളുമാണ് ഈ പട്ടികയില്‍ മുന്നില്‍. ആന്ധ്രപ്രദേശ്, അസം, ഛത്തീസ്ഗഢ്, കര്‍ണാടകം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളോടും ആര്‍.ടി.-പി.സി.ആര്‍. പരിശോധന കൂട്ടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആന്ധ്രയിലും കര്‍ണാടകത്തിലും 12 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

Comments (0)
Add Comment