പിപിഇ കിറ്റ് ലഭിക്കാതെ മാസങ്ങളോളം ഒരേ മാസ്ക് ധരിച്ച്‌ കോവിഡ് രോഗികളെ പരിചരിക്കേണ്ടിവന്ന ഇരുപത്തെട്ടുകാരിയായ ഡോക്ടര്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

ന്യൂയോര്‍ക്കില്‍നിന്നുള്ള ഡോ. ആഡലൈന്‍ ഫേഗനാ (28)ണ് മരിച്ചത്. രോഗബാധിതയായി രണ്ടുമാസം ചികിത്സയില്‍ കഴിഞ്ഞു. കഴിഞ്ഞദിവസമാണ് മൃതദേഹം സംസ്കരിച്ചത്. ആഡലൈന്‍ ജോലി ചെയ്ത എച്ച്‌സിഎ ഹൂസ്റ്റണ്‍ ഹെല്‍ത്ത് കെയര്‍ അധികൃതര്‍ വേണ്ടത്ര സുരക്ഷാവസ്ത്രങ്ങള്‍ നല്‍കിയിരുന്നില്ലെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും ആരോപിച്ചു.ആശുപത്രിയില്‍ രണ്ടാംവര്‍ഷ റസിഡന്‍സി ചെയ്യുകയായിരുന്നു ആഡലൈന്‍. ഗൈനക്കോളജിസ്റ്റാണെങ്കിലും അത്യാഹിതവിഭാഗത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡ്യൂട്ടിയിലായിരുന്നു. ‘ആസ്മ രോഗികൂടിയായിരുന്ന ആഡലൈന് സ്വന്തം പേരെഴുതിയ ഒരേയൊരു എന്‍95 മാസ്കാണ് ഉണ്ടായിരുന്നത്.
പരമാവധി അഞ്ചുപ്രാവശ്യം ഉപയോഗിക്കേണ്ട മാസ്ക് മാസങ്ങളോളം തുടര്‍ച്ചയായി ഉപയോഗിക്കേണ്ടിവന്നു’–- സഹപ്രവര്‍ത്തക മൗറീന്‍ ‘ദി ഗാര്‍ഡിയ’നോട് പറഞ്ഞു.
ദിവസവും 12 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്ന ആഡലൈന് ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ചു. മരുന്നുകളോട് പ്രതികരിക്കാതായതോടെ ആഗസ്ത് 23 മുതല്‍ വെന്റിലേറ്റര്‍ വേണ്ടിവന്നു. എക്മോ തെറാപ്പി ഉള്‍പ്പെടെ പരീക്ഷിച്ചെങ്കിലും രക്ഷിക്കാനായില്ല. സെപ്തംബര്‍ 19ന് മരിച്ചു.രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ എച്ച്‌സിഎ ഹെല്‍ത്ത് കെയറിന്റെ ഭാഗമാണ് ആശുപത്രി. അലംഭാവമുണ്ടായെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. എന്നാല്‍, ആശുപത്രി അധികൃതര്‍ മാനദണ്ഡങ്ങളെല്ലാം ലംഘിക്കുന്നെന്ന ആരോപണവുമായി അടുത്തിടെ നേഴ്സുമാരുടെ ദേശീയ സംഘടന രംഗത്തുവന്നിരുന്നു.
കോവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകരെ ജോലിയില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്നതായും ആരോപിച്ചു.

Comments (0)
Add Comment