ബ്രിട്ടന്റെ കൊറോണാ വ്യാപനം കൂടുതല്‍ ശക്തമായതോടെ കൂടുതല്‍ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വ്യാപിക്കുകയാണ്

വരുന്ന ഞായറാഴ്‌ച്ച അര്‍ദ്ധരാത്രിയോടെ വെസ്റ്റ് യോര്‍ക്ക്ഷയര്‍ ടയര്‍ 3 ലോക്ക്ഡൗണിലേക്ക് നീങ്ങും.ലീഡ്സ്, ബ്രാഡ്ഫോര്‍ഡ്, കാല്‍ഡെര്‍ഡെയ്ല്‍, വേയ്ക്ക്ഫീല്‍ഡ് കിര്‍ക്ലീസ് എന്നിവിടങ്ങളിലെ ജനങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയരാവുകയാണ്. ഇതനുസരിച്ച്‌ കാസിനോകള്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, ഭക്ഷണം വിളമ്ബാത്ത ബാറുകള്‍, പബ്ബുകള്‍ എന്നിവ അടച്ചിടേണ്ടതായി വരും.വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ വാതിപ്പുറ ഇടങ്ങളിലോ അകത്തോ ഒത്തു ചേരുന്നതും നിരോധിച്ചിരിക്കുകയാണ്. ടയര്‍-3 ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ബാദ്ധ്യതകള്‍ പരിഹരിക്കുന്നതിനായി 46.6 മില്ല്യണ്‍ പൗണ്ടിന്റെ അധിക പാക്കേജിന് സര്‍ക്കാരുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് ലീഡ്സ് സിറ്റി കൗണ്‍സില്‍ ചീഫ് എക്സിക്യുട്ടീവ് അറിയിച്ചു. ടയര്‍-2 ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നല്‍കിയ പാക്കിജേനു പുറമേയാണിത്. ഇതുകൂടാതെ ടെസ്റ്റ് ആന്‍ഡ് ട്രേസിങ് സംവിധാനം വിപുലപ്പെടുത്തുന്നതിനായി 12.7 മില്ല്യണ്‍ കൂടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബ്രാഡ്ഫോര്‍ഡ് കൗണ്‍സില്‍ പറയുന്നത് സര്‍ക്കാര്‍ സഹായം മതിയാകില്ലെന്നാണ്. ഇതോടൊപ്പം മറ്റ് 16 ലോക്കല്‍ അഥോറിറ്റി മേഖലകളില്‍ ടയര്‍-2 ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍, ഇതുകൊണ്ടൊന്നും രോഗവ്യാപനം തടയാന്‍ കഴിയില്ലെന്ന നിലപാടിലാണ് ശാസ്തോപദേശക സമിതി. കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇന്നലെ 23,065 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 280 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.തിങ്കളാഴ്‌ച്ചയോടെ ഇംഗ്ലണ്ടിനെ പകുതിയിലധികം ഭാഗങ്ങളും കര്‍ശന നിയന്ത്രണത്തിന്‍ കീഴിലാകും. അതായത് താമസിയാതെ മറ്റൊരു ദേശീയ ലോക്ക്ഡൗണ്‍ പ്രതീക്ഷിക്കാം എന്നര്‍ത്ഥം. ഏതായാലും അധികം താമസിയാതെ ലണ്ടനില്‍ 3 ടയര്‍ ലോക്ക്ഡൗണ്‍ വരും എന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. നിലവില്‍ രാജ്യത്തിലെ മൊത്തംജനസംഖ്യയുടെ ഏകദേശം 60 ശതമാനം പേരും കര്‍ശനമായ ലോക്ക്ഡൗണിലാണ്.ഓക്സ്ഫോര്‍ഡ്, ല്യുട്ടന്‍, ഈസ്റ്റ് റൈഡിങ് ഓഫ് യോര്‍ക്ക്ഷയര്‍, കിങ്സ്റ്റണ്‍, ഡെര്‍ബിഷയര്‍ ഡെയ്ല്‍സ് എന്നീ മേഖലകള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ ടയര്‍-2 ലോക്ക്ഡൗണിലേക്ക് നീങ്ങും. സ്‌കോട്ടലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലും, വെയില്‍സിലും നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെ മൊത്തം ബ്രിട്ടന്റെ അഞ്ചില്‍ മൂന്നു ഭാഗവും ഇപ്പോള്‍ ലോക്ക്ഡൗണിന് കീഴിലായി. രോഗവ്യാപനത്തിന്റെ വേഗതയും വ്യാപ്തിയും കണക്കിലെടുക്കുമ്ബോള്‍, അധികം വൈകാതെത്തന്നെ ഈ പ്രാദേശിക ലോക്ക്ഡൗണ്‍ രാജ്യം മുഴുവനുമായി മാറുവാനുള്ള സാധ്യത ഏറെയാണ്.

Comments (0)
Add Comment