ഇപ്പോഴിതാ വാഹനത്തിന്‍റെ വിലയും പ്രഖ്യാപിച്ച് ബുക്കിംഗും തുടങ്ങിയിരിക്കുകയാണ് കമ്ബനി. വിലയെപ്പറ്റിയുള്ള പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി മോഹിപ്പിക്കുന്ന വിലയിലാണ് വാഹനം എത്തുന്നതെന്നതാണ് പ്രധാന പ്രത്യേകത. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന രണ്ടാം തലമുറ ഥാറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാല്‍ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഥാര്‍ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകര്‍ഷിക്കുന്നതാണു പുതിയ മോഡല്‍ എന്നതാണ് ശ്രദ്ധേയം.
മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്‍റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട് ഏറെ സാമ്യമുള്ളതാണ്. ഥാര്‍ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളില്‍ 2020 ഥാര്‍ ലഭ്യമാകും. AX സീരീസ് കൂടുതല്‍ അഡ്വഞ്ചര്‍-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതല്‍ ടാര്‍മാക്-ഓറിയന്റഡ് വേരിയന്റാണ്നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്‍സ്മിഷനുകളിലും എത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മറ്റൊരു സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. എക്‌സ്‌ക്ലൂസീവായ ഡ്രൈവര്‍, പാസഞ്ചര്‍ കംഫര്‍ട്ട് സുരക്ഷാ സവിശേഷതകളും രണ്ടാം തലമുറ മോഡല്‍ വളരെ ഉള്‍ക്കൊള്ളുന്നു.ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് രണ്ടാം തലമുറയിലെ മറ്റൊരു ഹൈലൈറ്റ്. ഫോര്‍ വീല്‍ ഡ്രൈവ് ലോ, ഫോര്‍ വീല്‍ ഡ്രൈവ് ഹൈ, ടൂ വീല്‍ ഡ്രൈവ് എന്നിവയാണ് ഇതിലെ മോഡുകള്‍. മുന്നില്‍ ഇന്റിപെന്‍ഡന്റ് സസ്‌പെന്‍ഷനും പിന്നില്‍ മള്‍ട്ടി ലിങ്ക് യൂണിറ്റുമാണ് ഈ വാഹനത്തില്‍ സസ്‌പെന്‍ഷന്‍. 226 എംഎം ഗ്രൗണ്ട് ക്ലിയറന്‍സിനൊപ്പം 650 എംഎം വാട്ടര്‍ വാഡിങ്ങ് കപ്പാസിറ്റിയും നല്‍കിയിട്ടുണ്ട്.നിലവിലെ ഥാറില്‍ സുഖസൗകര്യങ്ങള്‍ നാമമാത്രമായിരുന്നെങ്കില്‍ ടച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ മള്‍ട്ടി ഇന്‍ഫൊ ഡിസ്‍പ്ലേ, റിയര്‍ പാര്‍ക്കിങ് മിറര്‍, പവര്‍ ഫോള്‍ഡിങ് മിറര്‍ എന്നിവയൊക്കെയായിട്ടാണ് പുതിയ ഥാറിന്റെ വരവ്. പ്രീമിയം എസ്‍യുവികള്‍ക്ക് സമാനമാണ് അകത്തളം. മികച്ച സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൃത്താകൃതിയിലുള്ള ഏസി വെന്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിങ്ങനെയാണ് സെന്റര്‍ കണ്‍സോള്‍. ഗിയര്‍ ലിവറും, ഡ്രൈവ് മോഡിന്റെ ലിറവും, ഹാന്‍ഡ് ബ്രേക്കും, പവര്‍ വിന്‍ഡോ കണ്‍ട്രോള്‍ യൂണിറ്റുമാണ് മുന്‍നിര സീറ്റുകള്‍ക്കിടയില്‍ നല്‍കിയിട്ടുള്ളത്.ആഡംബര വാഹനത്തിന്റെ മുഖഭാവം നല്‍കുന്ന വലിപ്പം കുറഞ്ഞ് ആറ് സ്ലാറ്റുകളുള്ള ബ്ലാക്ക് ഗ്രില്ല്, അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഹെഡ്‍ലാമ്ബ്, ഇതിനുചുറ്റിലുമുള്ള ഡിആര്‍എല്‍, ബോണറ്റിന് വശങ്ങളിലായി സ്ഥാനമുറപ്പിച്ച ഇന്‍ഡിക്കേറ്റര്‍, ഡ്യുവല്‍ ടോണില്‍ സ്‍പോര്‍ട്ടി ഭാവമുള്ള ബംമ്ബര്‍ എന്നിവയാണ് മുന്‍വശം.എ.എക്‌സ് വേരിയന്റില്‍ 16 ഇഞ്ച് സ്റ്റീല്‍ വീലും എല്‍.എക്‌സ് വേരിയന്റില്‍ 18 ഇഞ്ച് അലോയി വീലുമാണ് വശങ്ങളിലെ ആകര്‍ഷണീയത. ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ച്, പുതിയ സൈഡ് മിറര്‍, വലിയ സൈഡ് ഗ്ലാസ് എന്നിവയും വശങ്ങള്‍ പ്രീമിയം ഭാവമൊരുക്കും. ഡോറിന്റെ മധ്യഭാഗത്തുള്ള സ്റ്റെപ്പിനി ടയര്‍, പുതിയ ടെയ്ല്‍ ലാമ്ബ് എന്നിവയാണ് പിന്‍ഭാഗത്തിന് പുതുമ നല്‍കുന്നത്.മികച്ച സുരക്ഷയ്ക്കായി ഇരട്ട എയര്‍ ബാഗ്, എ ബി എസ്, പിന്നില്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയവയുമുണ്ടാവും. അഴിച്ചു നീക്കാന്‍ കഴിയുംവിധമുള്ള, ഫാക്ടറി ഫിറ്റഡ് ഹാര്‍ഡ് ടോപ്പും പുത്തന്‍ ഥാറിലുണ്ട്. നാപ്പോളി ബ്ലാക്ക്, അക്വാമറൈന്‍, റെഡ് റേജ്, മിസ്റ്റിക് കോപ്പര്‍, ഗാലക്സി ഗ്രേ, റോക്കി ബീജ് എന്നിവയുള്‍പ്പടെ ആറ് കളര്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാര്‍ വാഗ്ദാനം ചെയ്യുന്നത്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നിവയുടെ ഒന്നിലധികം റൂഫ് ഓപ്ഷനുകളും കണ്‍വേര്‍ട്ടിബിള്‍ ടോപ്പിന്റെ ആദ്യ ഓഫറും ലഭിക്കുന്നു.പുത്തന്‍ തലമുറ ഥാറിന്റെ ആദ്യ യൂണിറ്റ് മഹീന്ദ്ര ലേലത്തില്‍ വച്ചിരുന്നു. സീരിയല്‍ നമ്ബര്‍ 1 രേഖപ്പെടുത്തിയ ഈ വാഹനത്തിനായി വാശിയേറിയ ഓണ്‍ലൈന്‍ ലേലമാണ് നടന്നത്. ലേലത്തില്‍ ഏകദേശം 5,500-ഓളം പേരാണ് പങ്കെടുത്തത്. 1.11 കോടി രൂപയ്ക്ക് ദില്ലി സ്വദേശിയായ ആകാശ് മിന്ദ എന്നയാളാണ് ആദ്യ 2020 മഹിന്ദ്ര ഥാര്‍ ലേലത്തില്‍ പിടിച്ചത്. ലേലത്തില്‍ ലഭിച്ച പണം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.