മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് എഴുപത്തിയേഴാം ജന്മദിനം

പ്രത്യേകിച്ച്‌ ആഘോഷങ്ങളൊന്നുമില്ല. വൈകിട്ട് ലോകമലയാളി സംഘടനകള്‍ ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്നുണ്ട്. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവങ്ങളിലെ മുപ്പതോളം മലയാളി സംഘടനകളാണ് ഓണ്‍ലൈനിലൂടെ ചടങ്ങ് സംഘടിപ്പിക്കുന്നത്.പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു.വിലൂടെയാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം. പില്‍ക്കാല രാഷ്ട്രീയത്തില്‍ നിരവധി പ്രഗല്‍ഭരെ സംഭാവന ചെയ്ത ഒരണ സമരത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. 1962-63 കാലത്ത് കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഇദ്ദേഹം 1964ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി മാറിയ ഉമ്മന്‍ ചാണ്ടി ഇവിടെ വെച്ചാണ്.

1967ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി മാറിയപ്പോള്‍ ഉമ്മന്‍ ചാണ്ടി ആ സ്ഥാനത്തേക്ക് അവരോധിതനായി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ആന്റണിക്ക് പിന്നാലെ ഉമ്മന്‍ ചാണ്ടിയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തെത്തി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി.1970ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി ആയിരുന്ന എം.ജോര്‍ജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മന്‍ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 ,2016 വര്‍ഷങ്ങളില്‍ പുതുപ്പള്ളിയില്‍ നിന്നു തന്നെ ഉമ്മന്‍ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടര്‍ന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്. 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ച്‌ വരെ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.

2001ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി വീണ്ടും യു.ഡി.എഫ് കണ്‍വീനറായി ചുമതലയേറ്റു. മൂന്നു വര്‍ഷത്തിന് ശേഷം ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി രാജി വെച്ചു. തുടര്‍ന്ന് 2004 ഓഗസ്റ്റ് 31ന് ഉമ്മന്‍ ചാണ്ടി കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മേയ് വരെ ഈ പദവിയില്‍ തുടര്‍ന്നു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വെക്കുകയും വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തു.2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ ഇദ്ദേഹം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു. 2011ല്‍ ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18നു് കേരളത്തിന്റെ ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി രണ്ടാം വട്ടം അധികാരമേല്‍ക്കുകയും ചെയ്തു. പൊതു ഭരണത്തിന് പുറമേ ആഭ്യന്തരം, വിജിലന്‍സ്, ശാസ്ത്ര-സാങ്കേതികം, പരിതഃസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. എന്നാല്‍ പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് 2011 ഓഗസ്റ്റ് 9ന് ഇദ്ദേഹം വിജിലന്‍സ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി.ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തില്‍ പബ്ലിക് സര്‍വീസിനു നല്‍കുന്ന പുരസ്കാരം 2013ല്‍ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്ബര്‍ക്ക പരിപാടിക്കായിരുന്നു അവാര്‍ഡ്.

Comments (0)
Add Comment