മൈക്ക് പെന്‍സ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുമോ ?

ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ മനുഷ്യനാണ് അമേരിക്കന്‍ പ്രസിഡണ്ട്. കേവലം ഒരു രാജ്യത്തിന്റെ ഭരണാധികാരി എന്നതിനുപരി, നിലവിലെ സാഹചര്യത്തില്‍, ലോകത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന വ്യക്തി എന്ന നിലയ്ക്കാണ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ പ്രസക്തി. അതുകൊണ്ടുതന്നെയാണ് അമേരിക്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നും ലോകം ഉറ്റുനോക്കിയിരുന്നതും അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കാലാകാലങ്ങളായി ലോകജനതയുടെ തന്നെ സംസാരവിഷയമായി മാറിയിരുന്നതും. സോവിയറ്റ് യൂണിയന്റെ പതനശേഷം ലോകത്തില്‍ അമേരിക്കയുടെ പ്രാധാന്യവും പ്രാമാണിത്തവും ഏറെ വര്‍ദ്ധിച്ചു. ഒരു ഭാഗത്ത് ചൈന ഒരു വന്‍ശക്തിയായി ഉയര്ന്നുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഇന്നും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അമേരിക്കക്കുള്ള അപ്രമാദിത്തത്തിന് കാര്യമായ മാറ്റമുണ്ടാക്കാന്‍ അവര്‍ക്കായിട്ടില്ല.ഇതുതന്നെയാണ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ കോവിഡ് ബാധ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുവാനുള്ള കാര്യവും. ഇതിനു മുന്‍പും, പല അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ താത്ക്കാലികമായി ചുമതലകളില്‍ നിന്നും വിട്ടോഴിഞ്ഞു നിന്നിട്ടുണ്ടെങ്കിലും, അതൊന്നും ഇത്രമാത്രം നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിലായിരുന്നില്ല. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് പ്രതിസന്ധി, ചൈനയുമായുള്ള ഏറിവരുന്ന സംഘര്‍ഷം, ഇടയ്ക്കൊന്നു പത്തി മടക്കിയെങ്കിലും അഫ്ഗാനിസ്ഥാനിലും മറ്റുമായി ഉയര്‍ന്നു വരുന്ന ഇസ്ലാമിക തീവ്രവാദം, അതിന്റെ പുതിയ കേന്ദ്രമായി ഉയര്‍ന്നു വരുന്ന തുര്‍ക്കി, ഇതിനെല്ലാം ഉപരി, അടുത്തുവരുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് എന്നിവയെല്ലാം കൂടി ട്രംപിന്റെ ആരോഗ്യകാര്യത്തില്‍ അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധ വര്‍ദ്ധിപ്പിക്കുകയാണ്.

Stories you may Like

മൈക്ക് പെന്‍സ് അധികാരത്തില്‍ ഏറുമോ ?

ഡൊണാള്‍ഡ് ട്രംപ് കോവിഡ് ബാധമൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതോടെ കുറഞ്ഞത് രണ്ടുമൂന്നാഴ്‌ച്ചക്കാലമെങ്കിലും ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്. 1981-ല്‍ റൊണാള്‍ഡ് റീഗനു ശേഷം, ഇത്രയധികം ദിവസം തുടര്‍ച്ചയായി ഓഫീസില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരുന്ന പ്രസിഡണ്ടാണ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി കേലീ മെക് എനാനി കഴിഞ്ഞദിവസം പറഞ്ഞത്, ഡൊക്ടറുടെയും മറ്റ് മെഡിക്കല്‍ വിദഗ്ദരുടെയും ഉപദേശങ്ങള്‍ അനുസരിച്ച്‌, വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ സജ്ജീകരിച്ച താത്ക്കാലിക ഓഫീസില്‍ നിന്നും ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് എന്ന രീതിയിലുള്ള ചുമതലകള്‍ നിര്‍വ്വഹിക്കും എന്നാണ്.അതായത്, 2002 ല്‍ ഒരു ആരോഗ്യ പ്രശ്നവുമായി ബന്ധപ്പെട്ട് ചികിത്സയില്‍ പോകേണ്ടി വന്നപ്പോള്‍ ജോര്‍ജ്ജ് ബുഷ് ചെയ്തതുപോലെ അധികാരം വൈസ് പ്രസിഡണ്ടിന് കൈമാറുകയില്ലെന്ന് ചുരുക്കം. വൈറ്റ്ഹൗസില്‍ നിന്നും മാറി, ഒരു നേവല്‍ ഒബ്സര്‍വേറ്ററിയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൈറ്റ്ഹൗസിനകത്തു തന്നെ വൈസ് പ്രസിഡണ്ടിന് ഓഫീസ് ഉണ്ടെങ്കിലും, അവിടത്തെ ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ഇപ്പോള്‍ അദ്ദേഹം നേവല്‍ ഒബ്സര്‍വേറ്ററിയില്‍ നിന്നും പ്രവര്‍ത്തിക്കുന്നത്.ഇവിടെ പ്രധാനമായും ഉയര്‍ന്നുവരുന്നത് ട്രംപിന്റെ ആരോഗ്യനില തന്നെയാണ്. ചികിത്സയുടെ ആവശ്യത്തിനായി അദ്ദേഹത്തിനെ ബോധം കെടുത്തേണ്ടതായി വരികയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സങ്കീര്‍ണ്ണതകളുടെ ഫലമായി അദ്ദേഹത്തിന് തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ആകാതെ വരികയോ ചെയ്യുകയാണെങ്കില്‍ എന്താണ് ഭാവി പരിപാടി എന്നതാണ് സുപ്രധാനമായ ചോദ്യം. ട്രംപ് എന്നത്തേയും പോലെ ആരോഗ്യവാനും ഉന്മേഷവാനും ആണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുമ്ബോഴും, കൊറോണ എന്ന വൈറസിന്റെ പ്രഹരണശേഷിയെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.നിലവില്‍, ട്രംപിന്റെ ആരോഗ്യസ്ഥിതിമൂലം ഏറ്റവും അധികം രാഷ്ട്രീയ ആശങ്കയുളവാകുന്നത് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. വരുന്ന തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ത്ഥിയാണ് ഡൊണാള്‍ഡ് ട്രംപ്. ഏതെങ്കിലും കാരണവശാല്‍ അദ്ദേഹത്തിന്റെ തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ആകാത്ത സാഹചര്യമുണ്ടായാല്‍, അദ്ദേഹത്തിനു പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കേണ്ടതായി വന്നാല്‍, എന്നിങ്ങനെ ഒരായിരം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിച്ചു കഴിഞ്ഞു. ഇനി അത് മാറ്റിവയ്ക്കണമെങ്കില്‍ കോണ്‍ഗ്രസ്സ് അതിനനുസരിച്ച്‌ ഒരു തീരുമാനം കൈക്കൊണ്ടാല്‍ മാത്രമേ സാധിക്കു.എന്നാല്‍, ദേശീയ പാര്‍ട്ടി നിയമം മുതല്‍, തെരഞ്ഞെടുപ്പ് നിയമം വരെയുള്ളതില്‍ സകലയിടങ്ങളിലും നിരവധി അവ്യക്തതകളും സങ്കീര്‍ണ്ണതകളുമുണ്ട്. ഇനി കഷ്ടിച്ച്‌ ഒരുമാസം മാത്രമുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ഉപായങ്ങളാണ് ഇവയൊക്കെ നല്‍കുന്നത്. നിലവില്‍, ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് അമേരിക്കയുടെ രാഷ്ട്രതലവന്‍. വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നത് അനുസരിച്ച്‌, വളരെ നേരിയ ലക്ഷണങ്ങളെ അദ്ദേഹം പ്രകടമാക്കുന്നുള്ളു. അദ്ദേഹം കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും, ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നുമാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നത്.എന്നാല്‍, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചാല്‍ പിന്നെ എന്താണ് പോവഴി ? ആരായിരിക്കും പിന്നീട് പ്രസിഡണ്ടിന്റെ ചുമതല വഹിക്കുക ? അമേരിക്കന്‍ ഭരണഘടന അനുസരിച്ച്‌, വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സാണ് പ്രസിഡണ്ടിന് തന്റെ ചുമതല നിര്‍വ്വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആ ചുമതല വഹിക്കുവാന്‍ നിയോഗിക്കപ്പെട്ടയാള്‍. നിലവില്‍, അദ്ദേഹം കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് തെളിഞ്ഞിരിക്കുകയുമാണ്. ഇനി, വൈസ് പ്രസിഡണ്ടിനും കഴിഞ്ഞില്ലെങ്കില്‍, പിന്നീട് അതിന് അര്‍ഹത സ്പീക്കര്‍ ഓഫ് ദി ഹൗസിനാണ്. നിലവില്‍ ഈ സ്ഥാനത്തിരിക്കുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ 80 കാരി നാന്‍സി പെലോസിയാണ്.അടുത്ത ഊഴം, പാര്‍ലമെന്റിലെ ഭൂരിപക്ഷ കക്ഷിയുടെ ഏറ്റവും മുതിര്‍ന്ന അംഗത്തിനാണ്. സെനറ്റ് പ്രസിഡണ്ട് പ്രോ ടെമ്ബോര്‍ എന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് സെനറ്റര്‍ ചാള്‍സ് ഗ്രാസ്ലിയാണ്. പിന്നീട്, സ്റ്റേറ്റ് സെക്രട്ടറിക്കാണ് സാധ്യത. അതിനു പിന്നാലെ മറ്റ് സെക്രട്ടറിമാര്‍. അതേസമയം, താത്ക്കാലികമായാണെങ്കില്‍ പോലും, തന്നെ ചുമതലയില്‍ നിന്നും നീക്കം ചെയ്യുവാനുള്ള നടപടികള്‍ പ്രസിഡണ്ടിന് എതിര്‍ക്കാം. അങ്ങനെയെങ്കില്‍ ഇരു സഭകളിലും മൂന്നില്‍ രണ്ട് വോട്ടിന്റെ ഭൂരിപക്ഷം നേടിയാല്‍ മാത്രമേ പ്രസിഡണ്ടിനെ നീക്കം ചെയ്യാന്‍ കഴിയുകയുള്ളു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ കഴിയുമോ ?

ഏതെങ്കിലും കാരണവശാല്‍ ട്രംപിന് മത്സരിക്കാന്‍ കഴിയാതെ വന്നാല്‍, വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തുവാനോ അല്ലെങ്കില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുവാനോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കഴിയും. പക്ഷെ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയിലുള്ള 168 അംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെ പിന്തുണ ഇത്തരമൊരു നീക്കത്തിന് ആവശ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ ട്രംപിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും നീക്കുക എന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സംബന്ധിച്ച്‌ ഒരു കടുത്ത വെല്ലുവിളിയാണ്. പ്രത്യേകിച്ച്‌ പല സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍.മറ്റൊരു കാര്യം, ഇനി അരുതാത്തത് എന്തെങ്കിലും സംഭവിച്ചാല്‍ പോലും ട്രംപിന്റെ പേര് ബാലറ്റ് പേപ്പറില്‍ ഉണ്ടാകും എന്നതാണ്. അതായത്, പിന്നെയും ട്രംപിന് വോട്ടുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. യഥാര്‍ത്ഥത്തില്‍ ട്രംപിനുള്ള വോട്ടുകള്‍ ലഭിക്കുന്നത് എലക്ടേഴ്സിന്റെ ഒരു സ്ലേറ്റിനാണ്. ഡിസംബര്‍ 14 നായിരിക്കും ഇലക്ടറല്‍ കോളേജ് കോണ്‍ഗ്രസ്സില്‍ യോഗം ചേരുന്നത്. സ്വാഭാവികമായും, ട്രംപിനുള്ള വോട്ടുകള്‍ ലഭിച്ച ഇലക്ടേഴ്സിന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കായി വോട്ടുകള്‍ നല്‍കാവുന്നതാണ്. അതിനാല്‍, അക്കാര്യത്തില്‍ ആശങ്കയില്ല. എന്നാല്‍ ആശങ്കയുളവാക്കുന്ന കാര്യം, എന്തെങ്കിലും അവശതകളോ മറ്റെന്തെങ്കിലുംകാരണമോ വൈസ് പ്രസിഡണ്ടും കാബിനറ്റും പ്രസിഡണ്ടിനെ മാറ്റാന്‍ ആഗ്രഹിക്കുകയും, അദ്ദേഹം മാറാന്‍ തയ്യാറാകാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ്.

തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കഴിയുമോ ?

കോവിഡ് ബാധ സ്ഥിരീകരിച്ച ഉടനെ ട്രംപ് ആലോചിച്ചത് ഇതിനെക്കുറിച്ചായിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ അത് നിരാകരിച്ചു. ഭരണഘടനയല്ല, നിയമം മൂലമാണ് തെരഞ്ഞെടുപ്പ് നവംബര്‍ 4 ന് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത് മാറ്റുവാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഒന്നുമില്ല. പക്ഷെ അതിനായി ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ഹൗസും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റും ഒരേസ്വരത്തില്‍ തീരുമാനം എടുക്കണം. മാത്രമല്ല, പ്രസിഡണ്ടിന്റെ ഒപ്പും ഇക്കാര്യത്തില്‍ ആവശ്യമാണ്.എന്നാല്‍, ഭരണഘടനയനുസരിച്ച്‌ ജനുവരി 20 ന് പ്രസിഡണ്ടിന്റെ കാലാവധി അവസാനിക്കുകയാണ്. അതില്‍ മാറ്റം വരുത്താന്‍ കഴിയില്ല. അതായത്, ഇലക്ഷന്‍ വൈകിക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്താലും ജനുവരി 20 ന്പുതിയ പ്രസിഡണ്ട് ചുമതലയേറ്റെടുക്കണം. പ്രസിഡണ്ടിന്റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്ബോഴും അദ്ദേഹത്തിന് 74 വയസ്സായി എന്നതാണ് കൂടുതല്‍ ആശങ്കയുളവാക്കുന്നത്. കോവിഡ് 19 എന്ന മഹാമാരിയുടെഏറ്റവും അപകടം പിടിച്ച വിഭാഗത്തിലാണ് അദ്ദേഹം ഉള്‍പ്പെടുന്നത്.

അമേരിക്കയില്‍ നടക്കാന്‍ പോകുന്നത് മറ്റൊരു ഒക്ടോബര്‍ വിപ്ലവമോ ?

1981-ല്‍ റൊണാള്‍ഡ് റീഗന് വെടിയേറ്റതില്‍ പിന്നെ ഇതുവരെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്നവരാരും തന്നെ ആ സ്ഥാനത്ത് ഇരിക്കുമ്ബോള്‍ മരണഭീഷണി നേരിട്ടട്ടില്ല. ട്രംപ് വളരെ നേരിയ രീതിയിലുള്ള ലക്ഷണങ്ങളെ കാണിക്കുന്നുള്ളു എങ്കിലും, മറ്റുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനില്ല എങ്കിലും, പ്രായം 74 ആയി എന്നത് ആശങ്കക്ക് വക നല്‍കുന്ന കാര്യമാണ്.പ്രസിഡണ്ട് കെന്നഡിയുടെ വധത്തിനു ശേഷം നടപ്പിലാക്കിയ ഇരുപത്തഞ്ചാം ഭരണഘടനാ ഭേദഗതി വഴി, പ്രസിഡണ്ട് മരണമടഞ്ഞാല്‍ വൈസ് പ്രസിഡണ്ട്, സ്വാഭാവികമായും ആ സ്ഥാനത്ത് എത്തും. എന്നാല്‍, അസുഖം മൂലം പ്രസിഡണ്ടിന് കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആകാത്ത സ്ഥിതിവന്നാല്‍ എന്തുചെയ്യും എന്നതിലാണ് ആശയക്കുഴപ്പം.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ട്രംപ് തന്റെ ചുമതല വൈസ് പ്രസിഡണ്ടിനെ ഇതുവരെ ഏല്പിച്ചിട്ടില്ല. അതായത്, ഇപ്പോഴും ഭരണനിയന്ത്രണം തന്റെ കൈയില്‍ നിന്നും വഴുതിപ്പോകുവാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ആകാത്ത സ്ഥിതി വരികയും എന്നാല്‍ ചുമതലകള്‍ വിട്ടൊഴിയാത്ത സ്ഥിതി സംജാതമാകുകയും ചെയ്താല്‍ എന്തുചെയ്യണം എന്നതാണ് ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ആശയക്കുഴപ്പത്തിലാക്കുന്നത്. മാത്രമല്ല, നവംബറിലെ ആദ്യത്തെ തിങ്കളാഴ്‌ച്ച കഴിഞ്ഞുള്ള ചൊവാഴ്‌ച്ച, പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന, ഇലക്ടറല്‍ കോളേജുകള്‍ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്.താരതമ്യേന നേരിയ തോതിലുള്ള കോവിഡ് ബാധ മാത്രമേ ട്രംപിനുള്ളു, അദ്ദേഹം സുഖം പ്രാപിച്ച്‌ തിരിച്ചുവരികയും ചെയ്താല്‍, ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് അത് ഒരു മുതല്ക്കൂട്ടു തന്നെയായിരിക്കും. എന്നും ജയിച്ചുവരാനുള്ള തന്റെ കഴിവിനെ എങ്ങനെ ജനങ്ങളിലേക്കെത്തിക്കണം എന്നത് ട്രംപിന് നന്നായി അറിയാം. താരതമ്യേന ഒരു ഉറക്കം തൂങ്ങിയായി കണക്കാക്കപ്പെടുന്ന ജോ ബിഡനെ കാള്‍ ജനപ്രീതി നേടാന്‍ ഇത് ട്രംപിനെ സഹായിക്കും. എന്നാല്‍ മറിച്ചു സംഭവിച്ചാലോ? ഈ ചോദ്യത്തില്‍ തൂങ്ങിയാണ് അമേരിക്കയില്‍, പ്രത്യേകിച്ച്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പുതിയ വിപ്ലവം ഉണ്ടാകാന്‍ പോകുന്നത് എന്നാണ് പാശ്ചാത്യ നിരീക്ഷകര്‍ പറയുന്നത്.

അമേരിക്കയുടെ തീരപ്രദേശങ്ങളില്‍ ചുറ്റിപ്പറന്ന, അന്തിമവിധികര്‍ത്താക്കള്‍ എന്നറിയപ്പെടുന്ന, അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ നല്‍കുന്ന സൂചനയെന്ത് ?

ഡൊണാള്‍ഡ് ട്രംപിനും മെലാനിയ ട്രംപിനും കോവിഡ് ബാധ സ്ഥിരീകരിച്ച ഉടെനെ അമേരിക്കയുടെ ഇരു തീരപ്രദേശങ്ങളിലേയും ആകാശത്തിനു മുകളിലൂടെ ഇരമ്ബിപ്പാഞ്ഞത് അമേരിക്കന്‍ സൈന്യത്തിലെ ”അന്തിമവിധികര്‍ത്താക്കള്‍” എന്നറിയപ്പെടുന്ന രണ്ട് ബോയിങ് ഇ-68 വിമാനങ്ങളായിരുന്നു. ഒന്ന്, വാഷിങ്ടണ്‍ ഡി സി ക്കടുത്തായി കിഴക്കന്‍ തീരത്തിലൂടെ പറന്നപ്പോള്‍ മറ്റൊന്ന് ഓറിഗോണിന് മുകളിലൂടെ പടിഞ്ഞാറന്‍ തീരങ്ങള്‍ താണ്ടി പറക്കുകയായിരുന്നു. നാഷണല്‍ കമാന്‍ഡ് അഥോറിറ്റിയില്‍ നിന്നും ബാലിസ്റ്റിക് മിസൈല്‍ സബ്മറൈനുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നത് ഈ വിമാനങ്ങളിലൂടെയാണെന്നതാണ് ഈ പറക്കലിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്.ഇത് സ്ഥിരമായ ഒരു പരിശീലന പറക്കല്‍ മാത്രമാണെന്നും, തികച്ചും യാദൃശ്ചികമായാണ് ആ സമയത്ത് ഇത് സംഭവിച്ചതെന്നുമാണ് അമേരിക്കന്‍ സേന പറയുന്നതെങ്കിലും അത് അങ്ങനെയല്ലെന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സാധാരണയായി യുദ്ധവിമാനങ്ങള്‍ അവയുടെ ട്രാന്‍സ്പോണ്ടേഴ്സ് പ്രവര്‍ത്തിപ്പിക്കാറില്ല. അതിനാല്‍ തന്നെ അവയെ ട്രാക്ക് ചെയ്യുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ഇവിടെ ട്രാന്‍സ്പോണ്ടേഴ്സ് പ്രവര്‍ത്തിപ്പിച്ച്‌, പൊതുജനങ്ങള്‍ക്ക് വിമാനങ്ങളെ കാണുവാനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു.അമേരിക്കന്‍ പ്രസിഡണ്ട് രോഗബാധിതനായാലും അമേരിക്കയുടെ ശക്തി കുറയില്ലെന്ന സന്ദേശം ശത്രുക്കള്‍ക്ക് നല്‍കാനാണ് ഇതെന്ന് ചിലര്‍ പറയുമ്ബോള്‍, ഇപ്പോഴും അമേരിക്കന്‍ സൈന്യത്തിന്റെ സര്‍വ്വസൈന്യാധിപന്‍ പ്രസിഡണ്ട് തന്നെയാണെന്ന് ചിലരെ ഓര്‍മ്മിപ്പിക്കാനായിരുന്നു ഈ പറക്കല്‍ എന്നാണ് മറ്റുചിലര്‍ പറയുന്നത്. ഏതായാലും, ട്രംപിന്റെ രോഗബാധ ലോകത്തെ മുഴുവന്‍ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാക്കിയിരിക്കുകയാണ്. ബി ബി സി ന്യുസിന്റെ ലേഖകന്‍ പറഞ്ഞതുപോലെ, ട്രംപും കൊറോണയും കൂടിച്ചേര്‍ന്നാല്‍ അത് തീര്‍ച്ചയായും ഒരു വാര്‍ത്തയാകാറുണ്ട്, ഇപ്പോഴും ആകുന്നു, ഇനിയും ആകും.

Comments (0)
Add Comment