അന്താരാഷ്ട്ര ജലപാതയില്‍ നിന്ന് കൊച്ചിയിലെത്തി ക്രൂ ചെയ്ഞ്ചിംഗ് നടത്താന്‍ ചരക്ക് കപ്പലുകള്‍ക്ക് ഒന്നിലധികം ദിവസം വേണ്ടിവരും. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ക്രൂചെയ്ഞ്ചിംഗ് നടത്തി കപ്പലുകള്‍ക്ക് മടങ്ങാനാകുമെന്നതാണ് വിഴിഞ്ഞത്തിന് അനുഗ്രഹമായത്. ഇതുവഴിയുണ്ടാകുന്ന സമയലാഭവും സാമ്ബത്തിക നേട്ടവുമാണ് ചരക്ക് കപ്പലുകളെ വിഴിഞ്ഞത്തേക്കടുപ്പിക്കുന്നത്.ക്രൂചെയ്ഞ്ചിംഗിനായി ഇന്നലെ വിഴിഞ്ഞം പുറംകടലില്‍ 56-ാമത്തെ കപ്പലാണെത്തിയത്. വിഴിഞ്ഞം തുറമുഖത്ത് അന്താരാഷ്ട്ര ക്രൂചെയിഞ്ച് ടെര്‍മിനല്‍ പദ്ധതി യാഥാര്‍ത്ഥ്യമായതിന്റെ ഭാഗമായി ആദ്യമായെത്തിയത് ചൈനയിലെ യാന്റിയാന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട കണ്ടെയ്‌നറാണ് വിഴിഞ്ഞത്തെത്തിയത്. അറ്റ്‌ലാന്‍ഡിക് ഗ്ലോബല്‍ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സിയാണ് ക്രൂചെയിഞ്ചിംഗിനായി കപ്പലെത്തിച്ചത്.27 ജീവനക്കാരെയാണ് കരയിലിറക്കിയത്. പകരം 25 ജീവനക്കാര്‍ കപ്പലില്‍ കയറി. ഇറങ്ങിയവരെയും കയറിയവരെയും കൊവിഡ് മാനദണ്ഡമനുസരിച്ചുളള പരിശോധനകളും മറ്റ് നടപടികളും പൂര്‍ത്തിയാക്കി. തുടര്‍ന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാം തുറമുഖത്തേക്ക് കണ്ടെയ്‌നര്‍ പുറപ്പെട്ടു. ക്രൂചെയ്ഞ്ചിംഗിന്റെ സഹായത്തിനായി തുറമുഖ വകുപ്പിന്റെ എം.ടി ചാലിയാര്‍, സ്വകാര്യ ഏജന്‍സിയുടെ എന്‍.ബി സോഹ, വിജയ് എന്നീ മൂന്ന് ടഗ്ഗുകളാണ് വിഴിഞ്ഞത്തുള്ളത്. എന്‍.ബി സോഹ ശനിയാഴ്ച മുംബയിലേക്ക് മടങ്ങുന്നതോടെ തുറമുഖ വകുപ്പിന്റെ എം.ടി മലബാര്‍ കൊല്ലത്ത് നിന്ന് വിഴിഞ്ഞത്തെത്തും.