ഹത്രാസ് കേസ് വാദിക്കാനൊരുങ്ങി ‘നിര്‍ഭയ’ അഭിഭാഷക

ഹത്രാസില്‍ 19 വയസ്സുള്ള ദളിത്‌ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസ് ഏറ്റെടുക്കാനൊരുങ്ങി നിര്‍ഭയ കേസ് വാദിച്ച അഭിഭാഷക സീമ കുശ്വാഹ. കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന കാര്യം സീമ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചിട്ടില്ലെന്നും എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും പെണ്‍കുട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരാക്കുമെന്നും സീമ കുശ്വാഹ വ്യക്തമാക്കി.അതേ സമയം, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് സീമ പറഞ്ഞു. ഡല്‍ഹിയില്‍ 2012 ഡിസംബറില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സീമ കുശ്വാഹയാണ് പെണ്‍കുട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. സംഭവത്തില്‍ പ്രതികളായ നാലുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും നാല് പേര്‍ക്കും വധശിക്ഷ നല്‍കുകയും ചെയ്തിരുന്നു. കേസില്‍ നിന്ന് പിന്മാറാന്‍ കനത്ത സമ്മര്‍ദ്ദവും ഭീഷണികളും ഉണ്ടായിട്ടും നിര്‍ഭയ കേസില്‍ സീമ കുശ്വാഹ ഉറച്ചു നിന്നത് രാജ്യത്തിന് മുഴുവന്‍ പ്രചോദനമായിരുന്നു. പലവിധ കാരണങ്ങളാല്‍ നീങ്ങി നീങ്ങി പോയിട്ടും പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വരെ സീമയും സംഘവും അടങ്ങിയിരുന്നില്ല.കൊലപാതകത്തിന്റെ രാഷ്ട്രീയവല്‍ക്കരണവും കലാപസാധ്യതയും തടയാന്‍ സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെടുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, അധികം വൈകാതെ തന്നെ താന്‍ കേസ് ഏറ്റെടുക്കുമെന്ന് സീമ അറിയിച്ചു. കേസിന്റെ അടിസ്ഥാന വിവരങ്ങളും പുരോഗമനങ്ങളും പെണ്‍കുട്ടിയുടെ സഹോദരന്‍ വഴി അറിയുന്നുണ്ടെന്നും സീമ വ്യക്തമാക്കി.

Comments (0)
Add Comment