അഞ്ച് നൂറ്റാണ്ടുകളായുള്ള അടിമത്വത്തിന്റെ അന്ധകാരം നീക്കി അഞ്ചര ലക്ഷം ദീപങ്ങള്‍ ശ്രീരാമ ജന്മഭൂമിയില്‍ തെളിഞ്ഞപ്പോള്‍ ദീപോത്സവം ചരിത്രമായി

ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മാണം ആരംഭിച്ചതിനു ശേഷമുള്ള ഈ ദീപോത്സവത്തില്‍ ലോകമെങ്ങുമുള്ള ശ്രീരാമ ഭക്തര്‍ സര്‍ക്കാര്‍ തയാറാക്കിയ പോര്‍ട്ടലിലൂടെ വെര്‍ച്വലായി പങ്കെടുത്ത് ദീപം കൊളുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീപം കൊളുത്തി വെര്‍ച്വലായി ദീപോത്സവത്തില്‍ പങ്കെടുത്തു. നഗരത്തിലെങ്ങും കലാകാരന്മാര്‍ രംഗോലികള്‍ മനോഹരമായി ഒരുക്കിയിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള ദീപോത്സവം ഇന്നലെ വൈകിട്ടാണ് അരങ്ങേറിയത്.ശ്രീരാമ ജന്മഭൂമിയിലെ ദീപോത്സവത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. അഞ്ചു ലക്ഷത്തിലേറെ ചിരാതുകള്‍ അണി നിരത്തിയുള്ള ദീപാലങ്കാര പരിപാടിയുടെ മുന്നൊരുക്കം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പും അയോധ്യ ക്ഷേത്ര നിര്‍മാണ ട്രസ്റ്റും സംയുക്തമായാണ് ദീപോത്സവം സംഘടിപ്പിച്ചത്. അഞ്ചു ലക്ഷത്തി അന്‍പത്തൊന്നായിരം ചിരാതുകളാണ് ദീപാലങ്കാരത്തിനായി ഉപയോഗിച്ചത്.സരയൂ നദിക്കരയിലെ രാം കീ പൈഡീ കടവുകള്‍ ദീപങ്ങളാല്‍ കമനീയമായി അലങ്കരിച്ചിരുന്നു. ശ്രീരാമന്റെ ജീവിതത്തെ പ്രദര്‍ശിപ്പിക്കുന്ന നിരവധി ചിത്രങ്ങളും രേഖാ ചിത്രങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. ഇവയ്ക്കൊപ്പം ഉത്തര്‍പ്രദേശ് ലളിതകലാ അക്കാദമി 25 ശ്രീരാമ ശില്‍പങ്ങളും തയാറാക്കിയിരുന്നു. രൂപങ്ങളെല്ലാം തയാറാക്കുന്നതിനായി ആയിരത്തിലേറെ കലാകാരന്മാര്‍ ഒരു മാസത്തിലേറെയായി മികച്ച തയാറെടുപ്പാണ് നടത്തിയത്. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി രാമകഥ വിവരിക്കുന്ന രാമകഥാ പാര്‍ക്കും ഒരുക്കിയിരുന്നു.

ദീപോത്സവത്തോടനുബന്ധിച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഒരു വെബ് പോര്‍ട്ടല്‍ തുടങ്ങിയിരുന്നു. കൊറോണ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് രാമഭക്തര്‍ വീട്ടിലിരുന്നു വെര്‍ച്ച്‌വലായി ദീപങ്ങള്‍ തെളിയിച്ചാണ് ദീപോത്സവത്തില്‍ പങ്കെടുത്തത്. ഇത്തവണത്തെ ദീപോത്സവം ഏറെ പ്രത്യേകതകളുള്ളതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാവണനെ വധിച്ചതിന് ശേഷം ശ്രീരാമന്‍ അയോധ്യയിലെത്തിയ വിശിഷ്ട മുഹൂര്‍ത്തമാണ് ദീപോത്സവമായി ആഘോഷിക്കുന്നത്. അയോധ്യ മനോഹരമായി ദീപങ്ങളാല്‍ ഒരുക്കിയ എല്ലാവര്‍ക്കും യോഗി ആദിത്യനാഥ് നന്ദി പറഞ്ഞു. സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ദീപോത്സവം ഗംഭീരമാക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണത്തെ ദീപോത്സവത്തോടെ അയോധ്യ രാജ്യത്തെ പ്രമുഖ ടൂറിസം ഹബ്ബായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അയോധ്യയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. കൊറോണ പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിരുന്നു. സരയൂ നദിയിലെ 28 കടവുകളില്‍ അഞ്ചര ലക്ഷം ദീപങ്ങള്‍ തെളിച്ചത് ഗിന്നസ് വേള്‍ഡ്റെക്കോര്‍ഡാണെന്നാണ് വിലയിരുത്തല്‍.

Comments (0)
Add Comment