അടുത്തവര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

സൗദി അറേബ്യ നിഷ്കര്‍ഷിച്ച നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ തീര്‍ഥാടകര്‍ക്ക് പ്രായപരിധി നിശ്ചയിച്ചേക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.2021 ലെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഡിസംബര്‍ പത്തിന് രജിസ്ട്രേഷന്‍ അവസാനിക്കുമെന്നാണ് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചത്. -‘അപേക്ഷകര്‍ക്ക് ഓണ്‍ലൈനായോ ഓഫ് ലൈനായോ ഹജ്ജ് മൊബൈല്‍ ആപ്പ് വഴിയോ അപേക്ഷിക്കാം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ തീര്‍ഥാടകരും RT-PCR പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. വിമാനത്തില്‍ കയറുന്നതിന് 72 മണിക്കൂര്‍ മുമ്ബെങ്കിലും പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് വേണം ഹാജരാക്കേണ്ടത്’ നഖ്വി വ്യക്തമാക്കി.എംബാര്‍ക്കേഷന്‍ പോയിന്‍റുകള്‍ 21ല്‍ നിന്നും പത്തായി കുറഞ്ഞിട്ടുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് എംബാര്‍ക്കേഷന്‍ പോയിന്‍റുകള്‍ ഉണ്ടാവുകയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.ന്യുനപക്ഷ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങള്‍, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, സൗദി ഇന്ത്യന്‍ എംബസി, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹജ്ജ് തീര്‍ഥാടനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം തയ്യാറാക്കിയത്.

Comments (0)
Add Comment