അസാധാരണമായ നടനവൈഭവം കൊണ്ട് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ജയസൂര്യ

കരിയറിന്റെ തുടക്കത്തില്‍ തന്നെ ‘വസൂല്‍രാജ എം.ബി.ബി.എസി’ലൂടെ കമല്‍ ഹാസനൊപ്പം അഭിനയിക്കാന്‍ സാധിച്ചതും ആദ്യമായി കണ്ടപ്പോഴുള്ള അനുഭവങ്ങളുമടക്കം പങ്കിട്ടുകൊണ്ടാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തത്.

ജയസൂര്യയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

ലെജന്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നതില്‍ പരം ഭാഗ്യം വേറെന്താണ്? അത്തരത്തില്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ അവിചാരിതമായൊരു ഭാഗ്യമുണ്ടായി. ഉലകനായകനൊപ്പം വസൂല്‍രാജ എംബിബിഎസ് എന്ന ചിത്രം.കമല്‍ഹാസന്‍ എന്ന വലിയ നടനൊപ്പം അഭിനയിക്കുന്നതിന്റെ എല്ലാ ടെന്‍ഷനും ഉണ്ടായിരുന്നു. ആദ്യം കാണുന്പോള്‍ അദ്ദേഹത്തെ എങ്ങനെ അഭിവാദ്യം ചെയ്യണം, എന്ത് ചോദിക്കണം എന്നൊക്കെ മനസ്സില്‍ നൂറ് വട്ടം ആലോചിച്ചാണ് ഷൂട്ടിന് പോയത്. പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ഇങ്ങോട്ട് സംസാരിച്ചു.”വണക്കം ജയസൂര്യ വരണം വരണം” എന്ന വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ കേള്‍ക്കുന്നുണ്ട്.ഷൂട്ടിങ്ങിന്റെ ഓരോ ദിവസവും അദ്ദേഹം ഞെട്ടിച്ചുകൊണ്ടിരുന്നു. മലയാള സിനിമയക്കുറിച്ച്‌ വാ തോരാതെ സംസാരിക്കും. സത്യന്‍ മാഷേയും അടൂര്‍ഭാസിയേയുമൊക്കെ കണ്ടാണ് അഭിനയം പഠിച്ചതെന്ന് ഇടക്കിടെ പറയും. ഇടവേളകളായിരുന്നു ഏറ്റവും രസകരം. അദ്ദേഹം പാട്ടുകള്‍ പാടിക്കൊണ്ടിരിക്കും. കൂടെ പാടാന്‍ പറയും. മദനോത്സവത്തിലെ പാട്ടുകളൊക്കെ അദ്ദേഹത്തിന് ഹൃദിസ്ഥമാണ്. മാടപ്രാവേ ഒക്കെ എത്ര അനായാസമാണ് പാടുന്നത്. ഇടക്കിടെ ഞാന്‍ വരികള്‍ തെറ്റിക്കുന്പോള്‍ നിര്‍ത്തും. അദ്ദേഹം നിര്‍ത്താതെ അങ്ങനെ പാടിക്കൊണ്ടിരിക്കും.ഡയലോഗുകള്‍ പഠിച്ചല്ല കമലഹാസന്‍ അഭിനയിക്കുക. കഥാസന്ദര്‍ഭവും സീനും പറഞ്ഞ് കൊടുക്കും. ‍‍‍ഡയലോഗുകള്‍ എല്ലാം സ്വന്തം നിലക്ക് പറഞ്ഞ്, കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അദ്ദേഹം ജീവിക്കുന്നത് അത്ഭുതത്തോടെ നോക്കിയിരുന്നു പോയിട്ടുണ്ട്.ഒരു ഘട്ടത്തില്‍ ഫോളോ ചെയ്യാന്‍ ബുദ്ധിമുട്ട് വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ”സര്‍, എവിടെയാണ് ഡയലോഗ് നിര്‍ത്തുന്നതെന്ന് പറയാമോ? എങ്കിലല്ലേ എനിക്ക് ഡയലോഗ് തുടങ്ങാന്‍ പറ്റൂ”അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ”ജയനറിയാമോ അടൂര്‍ഭാസി സര്‍ പഠിപ്പിച്ച്‌ തന്ന പാഠമാണിത്. കാണാതെ പഠിച്ച്‌ ഒരു ഡയലോഗ് പറയാന്‍ ആര്‍ക്കും പറ്റും. പക്ഷേ കഥയറിഞ്ഞ് ജീവിക്കുകയാണ് ഒരു നടന്‍ ചെയ്യേണ്ടത്. കണ്ടന്റ് അനുസരിച്ച്‌ പെര്‍ഫോം ചെയ്യുകയാണ് ചെയ്യുന്നത്. അപ്പോള്‍ നമ്മുടെ പെര്‍ഫോമന്‍സ് പതിന്‍മടങ്ങ് നന്നാക്കാനാവും.അതാണ് ഞാന്‍ ഫോളോ ചെയ്യാന്‍ ശ്രമിക്കുന്നത്.നിങ്ങളും അങ്ങനെ ചെയ്യാന്‍ ശ്രമിക്കൂ”. മഹാനടനില്‍ നിന്ന് പഠിച്ച വലിയ പാഠമായിരുന്നു അത്.വേറൊരു രസകരമായ സംഭവം കൂടി ഓര്‍മിക്കുകയാണ്. സിനിമയില്‍ എന്റെ കഥാപാത്രം ഡോക്ടര്‍ രാജയെ കെട്ടിപ്പിടിച്ച്‌ ‘എന്നെ കാപ്പാത്തുങ്കോ ‘ എന്ന് പറഞ്ഞ് കരയുന്ന ഒരു രംഗമുണ്ട്. കമലഹാസന്‍ സാറിനെ കെട്ടിപ്പിടിക്കാന്‍ കിട്ടുന്ന ഒരവസരമല്ലേ. ഞാന്‍ ഇറുക്കെ കെട്ടിപ്പിടിച്ചു. പിടിവിടാതെ കെട്ടിപ്പിടിച്ചു. എന്റെ എക്സൈറ്റ്മെന്റ് മനസ്സിലാക്കിയിട്ടാകണം അദ്ദേഹവും വിട്ടില്ല. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായ ഒരാളെ പോലെയാണ് കെട്ടിപ്പിടിക്കുന്നത്. ഒരു രോഗിയുടെ മട്ടിലുള്ള കെട്ടിപ്പിടുത്തം മതി. ഞാനും ചിരിച്ചു. അടുത്ത ടേക്ക് ഓക്കെ ആയി.വീണ്ടും ഒരു നാല് വര്‍ഷത്തിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ‘ഫോര്‍ ഫ്രണ്ട്‌സ്‌ ‘എന്ന ചിത്രത്തില്‍ അഭിനയിച്ചു അദ്ദേഹത്തിന്റെ ഒരു കടുത്ത ആരാധകാനായിട്ട് …..(ജീവിതത്തിലും അങ്ങനെ തന്നെ ….)ആ നല്ല ഓര്‍മകളില്‍ നിന്നുകൊണ്ട്, ഉലകനായകന്, ജാഡകളില്ലാത്ത മനുഷ്യസ്നേഹിക്ക് ,കെട്ടിപ്പിടിച്ച്‌ പിറന്നാള്‍ ആശംസകള്‍..പൂര്‍ണ ആരോഗ്യത്തോടെ ഇനിയും ഒരു നൂറ് വര്‍ഷം നീണാല്‍ വാഴുക, ഒരു നൂറ് കഥാപാത്രങ്ങള്‍ കൊണ്ട് ഞങ്ങളെ അതിശയിപ്പിക്കുക.

Comments (0)
Add Comment