ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസിച്ചുള്ള ജോ ബൈഡന്റെ ട്വീറ്റ് പുലിവാല് പിടിച്ചു

ദീപാവലിക്ക് ‘സാല്‍ മുബാറക്’ ആശംസിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. ‘ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന ലക്ഷക്കണക്കിന് ഹിന്ദുക്കള്‍, ജൈനന്മാര്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്ക്, ഞാനും ദീപാവലി ആശംസകള്‍ നേരുന്നു.നിങ്ങളുടെ പുതുവര്‍ഷത്തില്‍ പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും നിറയട്ടെ. സാല്‍ മുബാറക്’- ബൈഡന്‍ ട്വീറ്റ് ചെയ്തു. സാല്‍ മുബാറകിന്റെ അര്‍ഥമറിയാതെ ചിലര്‍ ഏറ്റുപിടിച്ചതോടെയാണ് ട്വീറ്റ് വിവാദമായത്.സാല്‍ മുബാറക് ഇസ്‌ലാമിക രീതിയിലുള്ള ആശംസയാണെന്നും ദീപാവലിക്ക് അത്തരത്തില്‍ ആശംസിച്ച്‌ ശരിയായില്ലെന്നും ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. എന്നാല്‍ സാല്‍ മുബാറക്കിന് ഇസ്‌ലാമിക ഉത്സവങ്ങളുമായി ബന്ധമില്ല. ഗുജറാത്തിലെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടതാണ് സാല്‍ മുബാറക്. ദീപാവലിയുടെ തൊട്ടടുത്ത ദിവസമാണ് ഗുജറാത്തില്‍ പുതുവത്സരാഘോഷിക്കുക. പാഴ്സി, ഹിന്ദുക്കള്‍, ജൈനന്മാര്‍, സിഖുകാര്‍ എന്നിവരും ആഘോഷിക്കാറുണ്ട്.ഇന്ത്യയിലും പാക്കിസ്ഥാനിലും ആഘോഷിക്കുന്ന സൗരാഷ്ട്രിയന്‍ പുതുവത്സരമായ ‘നൗറോസ്’ ആഘോഷിക്കാന്‍ പാഴ്സി സമൂഹം ‘സാല്‍ മുബാറക്’ ഉപയോഗിക്കുന്നു. അറബിക്കില്‍ ‘സാല്‍’ എന്നാല്‍ വര്‍ഷം എന്നും ‘മുബാറക്’ എന്നാല്‍ അഭിനന്ദനങ്ങള്‍ എന്നുമാണ് അര്‍ഥം. 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതിനെക്കുറിച്ച്‌ ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് ‘വൈറല്‍’ ആയതോടെ ബൈഡന്റെ ആശംസയില്‍ അഭിമാനം പ്രകടിപ്പിച്ച്‌ ഗുജറാത്തില്‍ നിന്നുള്ള പലരും രംഗത്തെത്തി.

Comments (0)
Add Comment