ഇയാംപാറ്റകളെ പോലെ മനുഷ്യര്‍ നിന്ന നില്‍പ്പില്‍ കുഴഞ്ഞു വീഴുന്നു

അനക്കമറ്റ ശരീരം നോക്കി എന്തു ചെയ്യണമെന്നറിയാതെ വെപ്രാളപ്പെടുന്ന ദൃക്സാക്ഷികള്‍, വാഹനം വിളിച്ച്‌ മിനുട്ടുകള്‍ക്കകം ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും ആ ദേഹം വിട്ട് ജീവന്‍ പറന്നകന്നിരിക്കും. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുന്നു; ബ്രോട്ട് ഡെഡ്!കുഴഞ്ഞുവീണുള്ള മരണങ്ങള്‍ ആശങ്കപ്പെടുത്തും വിധമാണ് അടുത്തിടെയായി സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നത്. എന്തിനും ഏതിനും കൊവിഡിനെ സംശയിക്കുന്ന സാഹചര്യമായതിനാല്‍, ഇത്തരം മരണങ്ങള്‍ക്കു പിന്നിലെ വില്ലനും കൊവിഡ് ആണോയെന്ന നിരീക്ഷണത്തിലാണ് ആരോഗ്യവിദഗ്ദ്ധര്‍.80 ശതമാനം പേരിലും പ്രകടമായ ലക്ഷണങ്ങളില്ലാതെ വിഹരിക്കുന്ന കൊറോണ വൈറസ് ഹൃദയതാളം തെറ്റിച്ച്‌ സ്തംഭനത്തിലേക്ക് അതിവേഗം എത്തിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് മുക്തനായ ശേഷം കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് തലസ്ഥാനത്തെ സി.പി.എം യുവ നേതാവ് പി. ബിജു കഴിഞ്ഞ ആഴ്ച മരിച്ചത്. കൊവിഡ് മൂലം രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനുള്ള സാഹചര്യമുണ്ട്.’ക്രോമ്ബോസിസ്’ എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. നാഡീഞരമ്ബുകളിലും, മസ്തിഷ്‌കത്തിലും ഉള്‍പ്പെടെ ഇത്തരത്തില്‍ രക്തം കട്ടപിടിക്കാം. അടുത്തിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്റിബോഡി പരിശോധന നടത്തിയ സംസ്ഥാനത്തെ ഒരു ഡോക്ടര്‍ക്ക്, താന്‍ അറിയാതെ കൊവിഡ് വന്നു പോയി എന്നാണ് പരിശോധനാ ഫലത്തില്‍ നിന്നു വ്യക്തമായത്! ആരോഗ്യവാനായ തന്റെ ഹൃദയത്തിന്റെ താളം തെറ്റിച്ചത് നിശബ്ദനായി വന്ന കൊവിഡ് ആണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.കടുത്ത ഹൃദ്രോഗമുള്ളവര്‍ പെട്ടെന്ന് മരുന്ന് നിറുത്തുകയോ മറ്റോ ചെയ്യുമ്ബോഴാണ് മുമ്ബൊക്കെ ഹൃദയസ്തംഭനം സംഭവിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. എന്നാല്‍ കൊവിഡ് വന്നതോടെ സാഹചര്യം മാറിയെന്ന് ആലപ്പുഴ മെഡി.കോളേജ് മെഡിസിന്‍ വിഭാഗം പ്രൊഫ. ഡോ. ബി. പത്മകുമാര്‍ പറഞ്ഞു.

ആരോഗ്യമുള്ളവരും വീഴുന്നു

ആരോഗ്യമുള്ള വ്യക്തികള്‍ നിന്നനില്‍പ്പില്‍ കുഴഞ്ഞുവീണ് മരിച്ച നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ചേര്‍ത്തലയില്‍ പാര്‍ട്ടി യോഗത്തിനിടെ പ്രാദേശിക നേതാവ് കുഴഞ്ഞു വീണ് മരിച്ചതും, കൊവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തി ലോഡ്ജില്‍ കുഴഞ്ഞു വീണു മരിച്ചതും ചിലത് മാത്രം. കുഴഞ്ഞു വീണുള്ള എല്ലാ മരണങ്ങള്‍ക്കും കൊവിഡ് കാരണക്കാരനല്ലെങ്കിലും അതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

അവഗണിക്കരുത് അവശതകള്‍

ഒരിക്കല്‍ കൊവിഡ് വന്നവര്‍ ചെറിയ ശാരീരിക അവശതകള്‍ വന്നാല്‍ പോലും പോസ്റ്റ് കൊവിഡ് ക്ലിനിക്കില്‍ പരിശോധന നടത്തണം. രക്തം കട്ട പിടിക്കുന്നതടക്കമുള്ള അവസ്ഥകളില്‍ പ്രാരംഭത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. കേരളത്തില്‍ നാലു ലക്ഷത്തോളം പേര്‍ നിലവില്‍ കൊവിഡ് മുക്തരായിട്ടുണ്ടെന്നാണ് കണക്ക്. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തതും കൊവിഡ് തിരിച്ചറിയപ്പെടാതെ പോകുന്നതും വെല്ലുവിളിയാണ്.

നിര്‍ദ്ദേശങ്ങള്‍

1. കൊവിഡ് മുക്തരായാലും തുടര്‍ന്നുള്ള മാസങ്ങളില്‍ ശ്രദ്ധ വേണം

2. കഠിനമായ വ്യായാമങ്ങള്‍ ഉടന്‍ ചെയ്യരുത്

3. മദ്യവും പുകവലിയുമില്ലാതെ സാധാരണ ജീവിതം നയിക്കണം

കൊവിഡ് ബാധിതരില്‍ രക്തം കട്ടപിടിക്കാകാനുള്ള സാദ്ധ്യത താരതമ്യേന കൂടുതലാണ്. എന്ത് ബുദ്ധിമുട്ട് തോന്നിയാലും ഉടന്‍ പരിശോധന നടത്തണം. കൊവിഡ് എപ്പോഴാണ് അപകടകാരിയാവുക എന്ന് മുന്‍കൂട്ടി തിരിച്ചറിയാനാവില്ല

ഡോ.ബി.പത്മകുമാര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്‌

Comments (0)
Add Comment