യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് മന്ദഗതിയില്‍. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം വോട്ടെണ്ണല്‍ ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസമായി. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലത്തിലെ ഉദ്വേഗം ഇപ്പോഴും തുടരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ഏറെക്കുറെ വിജയം ഉറപ്പിച്ചുകഴിഞ്ഞു. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ് തോല്‍വിയിലേക്ക് നീങ്ങുകയാണ്. ട്രംപ് ക്യാംപില്‍ ആശങ്ക പുകയുന്നു. ഫലം വരാനുള്ള സംസ്ഥാനങ്ങളില്‍ നേരിയ മുന്‍തൂക്കം ജോ ബൈഡനാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനൊപ്പം നിന്ന സംസ്ഥാനങ്ങളാണ് ഇപ്പോള്‍ ബൈഡനോട് മമത കാണിച്ചിരിക്കുന്നത്.ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ബൈഡന്‍ ലീഡ് നേടി കഴിഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളിലും ട്രംപിന് വലിയ മുന്‍തൂക്കം പ്രവചിക്കപ്പെട്ടിരുന്നു. മാത്രമല്ല വോട്ടെണ്ണല്‍ തുടങ്ങിയ സമയത്ത് ട്രംപ് ലീഡ് ചെയ്‌തിരുന്ന സംസ്ഥാനങ്ങളായിരുന്നു ഇതെല്ലാം.
പ്രസിഡന്റ് പദവിയിലേക്ക് എത്താന്‍ 270 ഇലക്‌ട്രല്‍ വോട്ടുകളാണ് വേണ്ടത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് അനുസരിച്ച് ബൈഡന്‍ 264 ഇലക്‌ട്രേല്‍ വോട്ടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ട്രംപിനാകട്ടെ ഇതുവരെ നേടാന്‍ സാധിച്ചത് 214 ഇലക്‌ട്രല്‍ വോട്ടുകള്‍ മാത്രം.ഫലം അറിയാനുള്ള നാല് പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ട്രംപ് ലീഡ് ചെയ്യുന്നത് നോര്‍ത്ത് കരോളിനയില്‍ മാത്രമാണ്. ഇവിടെ 77,000 വോട്ടുകള്‍ക്കാണ് ട്രംപ് ലീഡ് ചെയ്യുന്നത്. ഫലം അറിയാനിരിക്കുന്ന പെന്‍സില്‍വാനിയ, കരോളിന, ജോര്‍ജിയ, നെവാദ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചുരുങ്ങിയത് മൂന്ന് സ്ഥലത്തെങ്കിലും ട്രംപിന് ജയിക്കാന്‍ സാധിച്ചാല്‍ മാത്രമേ വീണ്ടും പ്രസിഡന്റായി തുടരാന്‍ സാധിക്കൂ. അതേസമയം, ബൈഡന് ഈ നാല് സംസ്ഥാനങ്ങളില്‍ ഒരിടത്ത് മാത്രം വിജയിക്കാന്‍ സാധിച്ചാല്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റ് പദവിയിലേക്ക് എത്താന്‍ സാധിക്കും. നിലവില്‍ ഈ സംസ്ഥാനങ്ങളില്‍ മൂന്നിടത്തും മുന്നേറുന്നത് ബൈഡനാണ്.തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ ട്രംപ് ഉറച്ചുനില്‍ക്കുന്നു. നിയമപരമായ വോട്ടുകള്‍ മാത്രം എണ്ണിയാല്‍ താന്‍ വളരെ ഈസിയായി ജയിക്കുമെന്നാണ് ട്രംപ് പറയുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും നിയമപരമല്ലാത്ത വോട്ടുകളാണ് ബൈഡന് ലഭിച്ചിരിക്കുന്നതെന്നും ട്രംപ് ആരോപിക്കുന്നു.അതേസമയം, താന്‍ വിജയിച്ചതായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ബൈഡന്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബൈഡന്റെ വസതിക്ക് മുന്‍പില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. യുഎസില്‍ പലയിടത്തായി ട്രംപ് അനുകൂലികളുടെ പ്രതിഷേധം നടക്കുന്നുണ്ട്.
ട്രംപ് വെെറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നവംബര്‍ അഞ്ചിന് മാധ്യമങ്ങളെ കാണുന്നതിനിടെ പകര്‍ത്തിയ ചിത്രത്തില്‍ ‘EXIT’ എന്ന ബോര്‍ഡ് കാണാം. ട്രംപിന് പുറത്തേക്കുള്ള വഴി തെളിഞ്ഞെന്നാണ് ഈ ചിത്രം പങ്കുവച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.