പുതിയ വര്‍ഷത്തിന് ഉത്സാഹം നിറഞ്ഞ തുടക്കം

 സംവത്സരം (സംവത്) 2077 ന് പ്രാരംഭമായ മുഹൂര്‍ത്ത വ്യാപാരം നേട്ടത്തോടെ തുടങ്ങി; നേട്ടം നിലനിര്‍ത്തി അവസാനിച്ചു.സെന്‍സെക്സ് 43,830.93 വരെ കയറിയിട്ട് 43,657.98-ല്‍ ക്ലോസ് ചെയ്തു. 194.98 പോയിന്‍്റ് ( 0.45 ശതമാനം) ഉയര്‍ച്ച. നിഫ്റ്റി 12,828.70 പോയിന്‍റ് വരെ കയറിയിട്ട് 12,780.25-ല്‍ ക്ലോസ് ചെയ്തു. നേട്ടം 60.30 പോയിന്‍്റ് ( 0.47) ശതമാനം.മുഖ്യസൂചികകളില്‍ ശരാശരി പത്തു ശതമാനത്തിലേറെ നേട്ടം നല്‍കിയാണ് സംവത്സരം 2076 സമാപിച്ചത്. പുതിയ വര്‍ഷവും അതേപോലെ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷ മുഹൂര്‍ത്ത വ്യാപാരത്തില്‍ ദൃശ്യമായിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയിലേക്കു കൂടുതല്‍ ഡോളര്‍ കൊണ്ടുവരുന്നതാണ് ശുഭപ്രതീക്ഷയുടെ അടിസ്ഥാനം. അടുത്ത ധനകാര്യ വര്‍ഷം ഇന്ത്യക്കു റിക്കാര്‍ഡ് നിലവാരത്തിലുള്ള ജിഡിപി വളര്‍ച്ച ഉണ്ടാകുമെന്നും നിക്ഷേപകര്‍ കണക്കാക്കുന്നു.യൂറോപ്പിലെ ചില യൂണിറ്റുകള്‍ വിറ്റ് കടം കുറയ്ക്കാന്‍ ടാറ്റാ സ്റ്റീല്‍ ബോര്‍ഡ് യോഗം വെള്ളിയാഴ്ച തീരുമാനിച്ചത് മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരി വില കൂടാന്‍ കാരണമായി. റിലയന്‍സ് ജിയോയെക്കാള്‍ വരിക്കാരെ ചേര്‍ത്ത ഭാരതി എയര്‍ടെലിന്‍്റെ ഓഹരികളും നേട്ടമുണ്ടാക്കി. ഫ്യൂച്ചര്‍ റീട്ടെയില്‍ ഇടപാടിനെപ്പറ്റിയുള്ള അനിശ്ചിതത്വം റിലയന്‍സിനു കാര്യമായ നേട്ടമുണ്ടാകുന്നതിനു തടസമായി.എച്ച്‌ ഡി എഫ് സി ബാങ്ക്, ഐടിസി, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ബജാജ് ഫിന്‍ സെര്‍വ്, സണ്‍ ഫാര്‍മ തുടങ്ങിയവ മുഹൂര്‍ത്തവ്യാപാരത്തില്‍ നേട്ടമുണ്ടാക്കി.വിവിധ വ്യവസായ മേഖലകളിലും ഉത്സാഹമാണു ദൃശ്യമായത്. ഉപ സൂചികകളെല്ലാം നേട്ടത്തില്‍ ക്ലോസ് ചെയ്തു. സ്മോള്‍ ക്യാപ് സൂചിക 0.84 ശതമാനവും മിഡ് ക്യാപ് സൂചിക 0.62 ശതമാനവും ഉയര്‍ന്നു.ദീവാളി ബലി പ്രതിപദ പ്രമാണിച്ചു തിങ്കളാഴ്ച ബി എസ് ഇ യും എന്‍ എസ് ഇ യും അവധിയാണ്.

Comments (0)
Add Comment