ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. പരിക്ക് ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ സെലക്ടര്‍മാര്‍ ടീമില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ പരിക്കിന്റെ ലക്ഷണങ്ങളില്ലാതെ നെറ്റ്സില്‍ പരിശീലനം നടത്തുന്ന രോഹിത്തിന്റെ വീഡിയോകള്‍ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലും രോഹിത് ക്രീസിലെത്തിയിരുന്നു.രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിനെ കുറിച്ച് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ പ്രതികരണമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുന്നത്.
താന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമല്ലെന്നും അതിനാല്‍ ഇതിനെ കുറിച്ച് അറിയില്ലെന്നുമായിരുന്നു രവി ശാസ്ത്രി ടൈംസ് നൗവിനോട് പറഞ്ഞിരുന്നത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. രവി ശാസ്ത്രിയുടെ വിശദീകരണം വിശ്വസിക്കാനാകില്ലെന്ന് സെവാഗ് പറയുന്നു. രോഹിത് ശര്‍മയുടെ അവസ്ഥയെ കുറിച്ച് രവിശാസ്ത്രിക്ക് അറിയില്ലെന്ന് താന്‍ കരുതുന്നില്ലെന്ന് ക്രിക്ബസ്സിനോട് സെവാഗ് വ്യക്തമാക്കി.”രോഹിത് ശര്‍മയുട അവസ്ഥയെ കുറിച്ച് രവിശാസ്ത്രിക്ക് അറിയില്ലെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമല്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം കഴിഞ്ഞ ദിവസങ്ങളില്‍ സെലക്ടര്‍മാര്‍ ചോദിച്ചിട്ടുണ്ടായിരിക്കും”.”സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമല്ലെന്ന രവിശാസ്ത്രിയുടെ പരാമര്‍ശത്തോട് ഞാന്‍ യോജിക്കുന്നില്ല. ഔദ്യോഗികമായിട്ടല്ലെങ്കിലും പരിശീലകനും ക്യാപ്റ്റനും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ കുറിച്ച് സെലക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരിക്കും.”- സെവാഗ് പറയുന്നു.രോഹിത്തിന്റെ കാര്യത്തില്‍ ബിസിസിഐയും സെലക്ടര്‍മാരും സ്വീകരിച്ച നിലപാടിനെയും സെവാഗ് ചോദ്യം ചെയ്തു. രോഹിത് ഫിറ്റാണെന്ന് കരുതുന്നില്ലെങ്കില്‍ കൂടി അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു. ആവശ്യമെങ്കില്‍ പകരക്കാരനായി ഇറക്കാവുന്നതുമായിരുന്നുവെന്നും സെവാഗ്.ഐപിഎല്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കാന്‍ തയ്യാറായ താരത്തെ രാജ്യത്തിന് വേണ്ടി കളിക്കാന്‍ തിരഞ്ഞെടുക്കാത്തതില്‍ തനിക്ക് ആശ്ചര്യമുണ്ട്. ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായ ആശ്ചര്യകരവും തെറ്റായ പ്രവണതയുമാണിത്. വിചിത്രമായ വര്‍ഷമാണിത്. ഇനി എന്താണ് ചെയ്യാന്‍ പോകുന്നത്? ഹൈദരാബാദിനെതിരായ മത്സരത്തില്‍ രോഹിത് പങ്കെടുത്തു. പ്ലേ ഓഫ് ഗെയിംസിലും അദ്ദേഹം പങ്കെടുക്കും. താന്‍ ഫിറ്റാണെന്ന് അദ്ദേഹം തന്നെ പറയുന്നു. പിന്നെ എന്തുകൊണ്ട് അദ്ദേഹത്തെ തിരഞ്ഞെടുത്തില്ലെന്നും സെവാഗ് ചോദിക്കുന്നു.ബിസിസിഐയുടേയും സെലക്ടര്‍മാരുടേയും തീരുമാനത്തില്‍ നിരാശനാണെന്നും സെവാഗ് തുറന്നു പറഞ്ഞു. രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്തി ആവശ്യമെങ്കില്‍ ഉപയോഗിക്കാമായിരുന്നുവെന്നും സെവാഗ്.പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെ മടങ്ങിയെത്തിയിരുന്നു. ഓപ്പണറായി എത്തിയ രോഹിത്തിന് ഏഴ് പന്തില്‍ നാല് റണ്‍സ് മാത്രമാണ് നേടാനായത്. മത്സരത്തില്‍ പത്ത് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുകയും ചെയ്തു.പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തനായെന്നായിരുന്നു മത്സരശേഷം രോഹിത്തിന്റെ പ്രതികരണം.