ഇന്ത്യന്‍ സിനിമയുടെ ദശാവതാരം കമലഹാസന് . നടനായും സംവിധായകനായും ഗായകനായും നിര്‍മ്മാതാവായും കൊറിയോഗ്രാഫറായുമെല്ലാം അദ്ദേഹം മിന്നിത്തിളങ്ങിയിട്ടുണ്ട്. സ്നേഹത്തോടെയും ആദരവോടെയും ഈ നടനെ ഇന്ത്യന്‍ പ്രേക്ഷകര്‍ ’’ഉലക നായകനെ””ന്ന് വിളിക്കുന്നു .1960 ല്‍ കളത്തൂര്‍ കണ്ണമ്മയിലൂടെ ബാലതാരമായി സെല്ലുലോയ്ഡിന് മുന്നിലെത്തിയെ കമലഹാസന് , ആദ്യ ചിത്രത്തില്‍ തന്നെ ദേശീയ അംഗീകാരം കരസ്ഥമാക്കി. വളരുന്നതിനനുസരിച്ച് വെള്ളിത്തിരയില്‍ വൈവിധ്യങ്ങള്‍ തീര്‍ത്തു. തെന്നിന്ത്യന്‍ സിനിമയില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ സജീവഭാഗമായി പറന്നുയര്‍ന്നു. പ്രതിഭയും വൈവിധ്യവും തമ്മിലുള്ള മത്സരമാണ് കമല്‍ ഹാസന് എന്ന നടനില്‍ പ്രേക്ഷകര്‍ക്ക് ദര്‍ശിക്കാന്‍ സാധിച്ചത്. പ്രായത്തെ പോലും തോല്‍പ്പിച്ച് ആ മഹാനടന് 66 ലേക്ക് കാലെടുത്തുവെക്കുന്നു.ഇന്നത്തെ കമല്‍ ഹാസന് സിനിമ നടനെന്നതിലുപരി രാഷ്ട്രിയക്കാരന്കൂടിയാണ് അതിലുപരി നല്ല പൗരനും. ആ യാത്രയില്‍ ഒട്ടും ക്ഷീണവും മങ്ങലും കലരാതെ വിജയിച്ച് മുന്നേറുന്നു. ആദ്യ ചിത്രം ”കളത്തൂര്‍ കണ്ണമ്മയില്‍” ജെമിനി ഗണേശനൊപ്പവും സാവിത്രിയ്ക്കൊപ്പവും അഭിനയത്തിന്റെ ഹരിശ്രീ കുറിച്ച ആ ബാലതാരത്തിന് തന്റെ അഭിനയ ജീവിതം പൂര്‍ണമായും ആത്മസമര്‍പ്പണമാണ്.1975 ല്‍ കെ ബാലചന്ദര്‍ സംവിധാനം നിര്‍വഹിച്ച അപൂര്‍വ രംഗങ്ങളാണ് കമല്‍ ഹസന് നായകനായ ആദ്യ സിനിമ. തുരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രങ്ങളും വെല്ലുവിളി നിറഞ്ഞതായിരിക്കാന്‍ കമല്‍ ഹാസന് ശ്രദ്ധിക്കാറുണ്ട് . വൈവിധ്യങ്ങളായ കഥാപാത്രങ്ങള്‍ കമലിന് എന്നും ലഹരിയായിരുന്നു. കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ പൂര്‍ണ്ണ മനസുള്ള മഹാപ്രതിഭ. തനിക്ക് സാഹസികത നിറഞ്ഞ കഥാപാത്രങ്ങള്‍ വേണമെന്ന് തിരക്കഥാകൃത്തുക്കളോട് ഡിമാന്‍ഡ് ചെയ്യുന്ന ഒരേഒരു നടന്. ബാലചന്ദര്‍-കമല്‍ കൂട്ടുകെട്ടില്‍ വന്ന ഉണര്‍ച്ചികള്‍,അവള് ഒരു തുടര്‍ കഥ, നിനൈത്താലെ ഇനിക്കും, വരുമയിന്‍ നിറം ചുവപ്പ് മുതല്‍ ഹിന്ദിയില്‍ ഏക് ദൂജെ കേലിയെ വരെ വന്‍ വിജയം. തമിഴകത്ത് മാത്രം നടനായി ഇരിക്കുന്നതില്‍ കമല്‍ താല്പര്യപ്പെട്ടില്ല. തെലുങ്കിലും കന്നടയിലും മലയാളത്തിലും ഹിന്ദിയിലും എന്നുവേണ്ട ഇന്ത്യയില്‍ മൊത്തമായും നിറഞ്ഞു നിന്നു ഈ മഹാനടന്റെ അഭിനയ പ്രതിഭ. ഏത് ഭാഷയിലാണെങ്കിലും അവിടുത്തെ സൂപ്പര്‍ഹിറ്റ് താരങ്ങള്‍ക്കൊപ്പം കമല്‍ ചേര്‍ന്നു നിന്നു. വിഷ്ണു വിജയം , കന്യാകുമാരി, ഞാന്‍ നിന്നെ പ്രേമിക്കുന്നു, തിരുവോണം,മദനോത്സവം,ആശീര്‍വാദം, ഈറ്റ,അലാവുദ്ദീനും അത്ഭുതവിളക്കും എന്നിങ്ങനെ മലയാളത്തിലും കമല്‍ പ്രിയങ്കരനായ നടനായി മാറി. ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച ഏക് ദൂജെ കേലിയെ വന്‍ വിജയം നേടി. ഭാരതിരാജയുടെ പതിനാറ് വയതിനിലെ ചപ്പാണി മുതല്‍ അവ്വൈ ഷണ്മുഖിയിലെ സ്ത്രീ കഥാപാത്രം അടക്കം എല്ലാം തന്നെ വ്യത്യസ്ഥമായ വേഷങ്ങളായിരുന്നു.ഇതിനിടയില്‍ മികച്ച നടനുള്ളദേശീയ അംഗീകാരം പലതവണ കമലിനെ തിരഞ്ഞെത്തി. മൂണ്ട്രാം പിറൈ ( മൂന്നാം പിറ ) നായകന് ,തേവര്മകന് ,ഇന്ത്യന്‍ ,ഗുണ ,മൈക്കിള്‍ മദന കാമരാജന്‍, ഹാ റം എന്നിങ്ങനെ ഉള്ള സിനിമകള്‍ വന്‍വിജയം നേടി. 1990ല്‍ ഇന്ത്യന്‍ സിനിമാ ലോകത്തിനു കമല്ഹാസന് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി രാജ്യം പത്മശ്രീ ബഹുമതി നല്കി ആദരിക്കുകയും ചെയ്തു . ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അപൂര്‍വ്വം കലാകാരന്മാരില് ഒരാളായി കമലഹാസന് തിളങ്ങുന്നു. വ്യക്തമായ നിലപാടില്‍ നടന് എന്നതിലുപരി നല്ല മനുഷ്യന് എന്ന് ഉറപ്പുപറയാവുന്ന താരം. ലോകേഷ് കനകരാജിന്റെ എവന് എന്ട്ര് നിനൈത്താല്‍ എന്ന ചിത്രമാണ് കമല്‍ ഇനി ചെയ്യാനുള്ള സിനിമ.