ഡബ്ബിങ് സ്റ്റുഡിയോയിലെ രസകരമായ വര്‍ക്കിങ് വീഡിയോയുമായി സണ്ണി വെയ്ന്‍

മലബാറിന്റെ പശ്ചാത്തലത്തില്‍ മാലൂര്‍ എന്ന ഗ്രാമത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ്‌ ചിത്രത്തിന്റെ തൊണ്ണൂറുശതമാനം ചിത്രീകരണം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയില്‍ പടവെട്ടിന്റെ ഡബ്ബിങ് പുരോഗമിക്കുന്ന അവസരത്തില്‍ രസകരമായ ഒരു വര്‍ക്കിംഗ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ സണ്ണി വെയ്ന്‍.സാധാരണക്കാരായ ഒരു കൂട്ടം നാട്ടുകാര്‍ തങ്ങളുടെ ഡബ്ബിങ് പൂര്‍ത്തീകരിച്ച ശേഷം സണ്ണി വെയ്‌നും നിവിന്‍ പോളിക്കും ആശംസകളും തങ്ങളുടെ സന്തോഷവും പങ്കുവെച്ചുകൊണ്ടുള്ളതാണ് വീഡിയോയില്‍ ഉള്ളത്. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളോടൊപ്പം ഒരു നാട് മുഴുവന്‍ ഭഗവാക്കാകുന്നു എന്ന കൗതുകവും പ്രത്യേകതയാണ്. സ്ഥിരപരിചിതമല്ലാത്ത സമീപനങ്ങളിലൂടെ ഒരു നാടിനെമൊത്തം സിനിമയോട് ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമമാണ് പടവെട്ട് എന്നാണ് സംവിധായകന്‍ ലിജു കൃഷ്ണ മുന്നേ പറഞ്ഞിരിക്കുന്നത്. അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം ജനുവരി അവസാനത്തോടുകൂടി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ അണിയറപ്രവര്‍ത്തകര്‍.അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലനാണ് പടവെട്ടിലെ നായികാ വേഷത്തില്‍ എത്തുന്നത്. സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നീ പേരുകള്‍ക്കൊപ്പം സുപ്രധാനമായ ഒരു ഭാഗമായി മഞ്ജു വാരിയറുമുണ്ട്. ഗൊവിന്ത്‌ വസന്തയുടെ സംഗീത വിരുന്നില്‍ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രിഡ്യൂസര്‍ ബിബിന്‍ പോള്‍ ആണ്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും, സുഭാഷ് കരുണ്‍ ആര്‍ട് ഡയറക്ഷനും, റോണക്സ് സേവിയര്‍ മേക്കപ്പും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

Comments (0)
Add Comment