സീസണായിട്ടും പൈനാപ്പിളിന് വിലയിടിഞ്ഞത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തണുപ്പ് കൂടിയതോടെ വില്‍പനയില്‍ വന്‍ കുറവ്​ വന്നതാണ് വിലയിടിവിന്​ കാരണം. ആവശ്യക്കാര്‍ കുറഞ്ഞതോടെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് കിലോക്ക്​ 13 രൂപയായി ചുരുങ്ങി. വിളവെടുപ്പിനുവേണ്ട ചെലവ് പോലും തികയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കിലോക്ക്​ 25 രൂപയെങ്കിലും ലഭിച്ചാലേ നഷ്​ടമില്ലാതെയിരിക്കൂ.നിലവില്‍ ഒരുകിലോ പൈനാപ്പിള്‍ ഉല്‍പാദിപ്പിക്കാന്‍ 20 രൂപയിലേറെ ചെലവ് വരുമെന്ന്​ കര്‍ഷകര്‍ പറയുന്നു.വന്‍ തുക ബാങ്കുകളില്‍നിന്ന്​ വായ്പയെടുത്ത് കൃഷി ചെയ്തുവരുന്ന കര്‍ഷകര്‍ കൂടുതല്‍ കടക്കെണിയിലേക്ക് വഴുതിവീഴുകയാണ്​.ഏക്കറിന് അമ്ബതിനായിരം മുതല്‍ ഒരുലക്ഷം രൂപ വരെ പാട്ടത്തുക നല്‍കിയാണ് ഭൂരിഭാഗം കര്‍ഷകരും കൃഷി ചെയ്തുവരുന്നത്. തൊഴിലാളിക്ഷാമവും അമിത കൂലിച്ചെലവും കര്‍ഷകരെ ഏറെ വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിളവെടുക്കാനാകാതെ കിടക്കുന്ന തോട്ടങ്ങളും നിരവധിയാണ്. പൈനാപ്പിള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Comments (0)
Add Comment