അമേരിക്കന്‍ ആര്‍മിയില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കിയ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി പിന്‍വലിച്ച്‌ പ്രസിഡന്റ് ജോ ബൈഡന്‍

തെരഞ്ഞെടുപ്പ് പ്രചരണറാലികളില്‍ ബൈഡന്‍ പ്രഖ്യാപിച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷ സമൂഹങ്ങള്‍ ബൈഡന്റ് നടപടിയെ അഭിനന്ദിച്ച്‌ രംഗത്തെത്തി.തിങ്കളാഴ്ചയാണ് വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ ബൈഡന്‍ ഒപ്പ് വെച്ചത്. വൈസ് പ്രസിഡന്റ് കമല ഹാരിസ്, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, ചെയര്‍മാന്‍ ഓഫ് ദ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ജനറല്‍ മാര്‍ക്ക് മില്ലേയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബൈഡന്‍ ഉത്തരവില്‍ ഒപ്പ് വെച്ചത്.’ഇത്രയേ ഉള്ളൂ കാര്യം: സേവനമനുഷ്ടിക്കാന്‍ സാധിക്കുന്നവര്‍ക്കെല്ലാം അഭിമാനത്തോടെ മറച്ചുവെക്കലുകളില്ലാതെ അത് ചെയ്യാന്‍ സാധിക്കുമ്ബോഴാണ് അമേരിക്ക കൂടുതല്‍ സുരക്ഷിതസ്ഥാനമാവുന്നത്,’ ബൈഡന്‍ ട്വീറ്റ് ചെയ്തു.2016-ല്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സേനയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കൂടി ഉള്‍പ്പെടുന്നതായിരുന്നു ഈ നടപടി. എന്നാല്‍ ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ ഈ ഉത്തരവ് പിന്‍വലിക്കുകയും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ റിക്രൂട്ട്‌മെന്റ് തടയുകയും ചെയ്തു. നിലവില്‍ സൈന്യത്തിലുള്ളവരെ മാത്രമേ തുടരാന്‍ അനുവദിച്ചുള്ളു.

Comments (0)
Add Comment