നീണ്ട മാസങ്ങള്‍ക്ക് ശേഷം കോളേജ് കാമ്ബസുകള്‍ വീണ്ടും സജീവമായി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അടച്ച കോളേജുകള്‍ 9 മാസങ്ങള്‍ക്ക് ശേഷം ഇന്നലെ തുറന്നു. ജില്ലയില്‍ ഹോസ്റ്റലുകള്‍ അടക്കമാണ് ഭൂരിഭാഗം കോളേജുകളും തുറന്നിട്ടുള്ളത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഹോസ്റ്റലും കോളേജും പൂര്‍ണമായും അണുവിമുക്തമാക്കി.എല്ലാ കോളേജുകളിലും സാനിറ്റൈസര്‍ സജ്ജമാക്കിയിരുന്നു. ക്ലാസില്‍ കയറുന്നതിന് മുമ്ബുതന്നെ വിദ്യാര്‍ത്ഥികള്‍ കൈകള്‍ അണുവിമുക്തമാക്കി. മാസ്‌ക് ധരിച്ചു. ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ചു. ഒരു ബെഞ്ചില്‍ പരമാവധി രണ്ടുപേരെ ഇരിക്കാനേ അനുവദിച്ചിരുന്നുള്ളൂ. ക്ലാസില്‍ അകലം പാലിച്ചാണ് ഇരുന്നതെങ്കിലും കൂട്ടുകാരെയും അധ്യാപകരെയും കാണാനും സംസാരിക്കാനും സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഡിഗ്രി അഞ്ച്, ആറ് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇന്നലെ മുതല്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുള്ളത്.രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയായിരുന്നു പ്രവര്‍ത്തന സമയം. ഈ സമയം രണ്ടു ബാച്ചുകളായിട്ടാണ് ക്ലാസുകള്‍ നടന്നത്. ക്ലാസിന്റെ സമയം ദീര്‍ഘിപ്പിച്ചതിന് പുറമേ ശനിയാഴ്ചകളിലും പ്രവൃത്തി ദിവസമാക്കിയിട്ടുണ്ട്. 50 ശതമാനം വീദ്യാര്‍ത്ഥികളെ മാത്രമാണ് ക്ലാസുകളില്‍ അനുവദിച്ചത്. അധ്യാപകര്‍ ക്ലാസിലെത്തുമ്ബോള്‍ സാനിറ്റൈസര്‍ കരുതിയിട്ടുണ്ടായിരുന്നു. അധ്യാപകരുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു ക്ലാസുകളും കോളേജ് പരിസരവും.

Comments (0)
Add Comment