ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാം, മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്

 അടിയന്തിര ഘട്ടങ്ങളില്‍ ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഫൈസര്‍ പാലിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയിരിക്കുന്നത്. ലോകാരോഗ്യസംഘടനാ പ്രതിനിധി മാരിയംഗേല സിമാവോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.വാക്‌സിന്റെ സുരക്ഷ, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയത്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വ്യാപിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ വാക്‌സിന് വിതരണത്തിന് അനുമതി ലഭിച്ചിരിക്കുന്നത് ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.അതേസമയം കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ന് വിദഗ്ധ സമിതി യോഗം ചേരും. സെറം ഇന്‍സ്റ്റിസ്റ്റൂട്ട്, ഭാരത്ബയോടെക്ക്, ഫൈസര്‍ എന്നീ കമ്ബനികളുടെ അപേക്ഷ സമിതി പരിഗണിക്കും.കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സെറം ഇന്‍സ്റ്റിസ്റ്റ്യൂട്ടിനോട് സമിതി കൂടുതല്‍ രേഖകള്‍ ചോദിച്ചിരുന്നു. സെറത്തിന്റെ കൊവിഷീല്‍ഡ് വാക്‌സിന് ഉപയോഗത്തിന് അനുമതി കിട്ടുമെന്നും സൂചനയുണ്ട്.കോവിഡ് വാക്‌സിന് വിതരണത്തിന് രാജ്യത്ത് ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ അറിയിച്ചിരുന്നു. വാക്‌സിന്‍ ഉപയോഗത്തിന് ബ്രിട്ടണില്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യയും നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. അതിനിടെ വാക്‌സിന്റെ ഡ്രൈ റണിന് രാജ്യത്ത് നാളെ തുടക്കമിടും.

Comments (0)
Add Comment