മുഖ്യമന്ത്രി സ്വര്‍ണക്കടത്തിനും കളളക്കടത്തിനും കൂട്ടുനിന്നെന്നും ഈ സംഘത്തില്‍പെട്ടവരെ താലോലിക്കുന്ന മുഖ്യമന്ത്രി ഒരു കമ്മ്യൂണിസ്‌റ്റാണോയെന്നും പി.ടി തോമസ് ചോദിച്ചു. ക്ളിഫ്‌ഹൗസില്‍ മകളുടെ വിവാഹതലേന്ന് സ്വപ്ന വന്നിരുന്നില്ലേ എന്നും പി.ടി തോമസ് ചോദ്യമുന്നയിച്ചു. പുത്രീ വാത്സല്യത്താല്‍ കേരളത്തെ നശിപ്പിക്കരുതെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.സ്വര്‍ണക്കടത്ത് പോലെ വിവാദമായൊരു കേസ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കേസില്‍ അറസ്‌റ്റിലായിരിക്കുന്നത്. ശിവശങ്കറിന്റെ ചെയ്‌തികളില്‍ മുഖ്യമന്ത്രി ഒന്നാംപ്രതിയാണെന്നും ലാവ്‌ലിന്‍ സംഭവവുമായി ബന്ധപ്പെട്ടാണ് ശിവശങ്കറുമായി പിണറായിയുടെ ബന്ധം തുടങ്ങുന്നതെന്നും പി.ടി തോമസ് സഭയില്‍ ആരോപിച്ചു. സ്വപ്‌നയുമൊത്ത് ശിവശങ്കര്‍ വിദേശ യാത്ര പോയത് ചോദ്യം ചെയ്യാനുളള ഉളുപ്പ് മുഖ്യമന്ത്രിയ്‌ക്ക് ഇല്ലായിരുന്നോയെന്നും പി.ടി തോമസ് ചോദിച്ചു. സ്വപ്‌നയെ ജയിലില്‍ വച്ച് വിരട്ടിയത് പൊലീസ് അസോസിയേഷന്‍ നേതാവിനെ വിട്ടാണെന്നും ഇ.എം.എസ് ആണ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയെങ്കില്‍ ജയിലില്‍ കിടന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായിയെന്നും പി.ടി തോമസ് പറഞ്ഞു.അതേ സമയം തന്റെ കൈകള്‍ ശുദ്ധമാണെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവെ മുഖ്യമന്ത്രി പറഞ്ഞു. തല ഉയര്‍ത്തി നില്‍ക്കാനുളള മനക്കരുത്ത് ഈ നെഞ്ചിലുണ്ട്. റിയല്‍ എസ്‌റ്റേറ്റ് സ്ഥലത്ത് നിന്നും ഇറങ്ങി ഓടിയ ആള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉളള ആളല്ലെന്നും നിയമസഭ പൂരപ്പാട്ടിനുളള സ്ഥലമല്ലെന്നും മുഖ്യമന്ത്രി പി.ടി തോമസിന് മറുപടി നല്‍കി. പി.ടി തോമസിന് പിണറായി വിജയനെ അറിയില്ല. മകളുടെ വിവാഹം ക്ളിഫ്‌ഹൗസിലെ വലിയ ഹാളിലാണ് നടന്നതെന്നും വിവാഹ തലേന്ന് സ്വപ്‌ന വന്നിരുന്നില്ലെന്നും പിണറായി മറുപടി പറഞ്ഞു.ആവര്‍ത്തിക്കുന്ന വ്യാജ ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും തന്റെ വീട്ടുകാരെ ഒരു കേന്ദ്ര ഏജന്‍സിയും ചോദ്യം ചെയ്‌തിട്ടില്ലെന്നും പി.ടി തോമസിന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. രവീന്ദ്രനെതിരെ രാജ്യദ്രോഹ കുറ്റം ആരോപിക്കുന്നത് വികല മനസിന്റെ വ്യാമോഹമാണ്. സ്വര്‍ണക്കടത്ത് കേസിലെ അടിവേരുകള്‍ കണ്ടെത്തണമെന്ന് നിലപാടെടുത്തതും കേന്ദ്ര ഏജന്‍സി വരണമെന്ന് പറഞ്ഞതും സംസ്ഥാന സര്‍ക്കാരാണ്. സ്വപ്‌ന സുരേഷ് ബാംഗ്ളൂര്‍ എത്തിയതെങ്ങനെയെന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും, കമ്മ്യൂണിസ്‌റ്റ്‌കാരെ ജയില്‍ കാണിച്ച് പേടിപ്പിക്കരുതെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞു. തുടര്‍ന്ന് സ്‌പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.