ലോകത്തെ പ്രമുഖ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ഇന്ത്യയില്‍ നിര്‍മാണ കമ്ബനി ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി

ഇന്ത്യയില്‍ ആര്‍ഡി യൂണിറ്റും നിര്‍മ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ബെംഗളൂരുവില്‍ പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ പുതിയ കമ്ബനി ഓഫീസും ഇതോടൊപ്പം രജിസ്റ്റര്‍ ചെയ്തു. ‘ഹരിത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് കര്‍ണാടക നേതൃത്വം നല്‍കും. ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ബെംഗളൂരു കേന്ദ്രമാക്കി ഇന്ത്യയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈലണ്‍ മസ്കിനെ ഞാന്‍ ഇന്ത്യയിലേക്കും കര്‍ണാടകത്തിലേക്കും സ്വാഗതം ചെയ്യുന്നുവെന്നും, അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു’- എന്നും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നനായ, ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്ബനി ഒന്നര കോടി രൂപയുടെ മൂലധനത്തോടെയാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടെസ്ലയുടെ സീനിയര്‍ ഡയറക്ടര്‍ ഡേവിഡ് ജോണ്‍ ഫെയ്ന്‍സ്‌റ്റൈന്‍, ചീഫ് അക്കൗണ്ടിംഗ് ഓഫീസര്‍ വൈഭവ് തനേജ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംരംഭകനായ വെങ്കിട്ടറങ്കം ശ്രീറാം എന്നിവരാണ് ടെസ്ലയുടെ ഇന്ത്യന്‍ യൂണിറ്റിലെ ബോര്‍ഡ് അംഗങ്ങള്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായി മാറുമെന്നാണ് മസ്‌കിന്റെ പ്രവചനം. എട്ട് ലക്ഷം കോടിയുടെ ലാഭമാണ് കമ്ബനി പ്രതീക്ഷിക്കുന്നത്. നിലവില്‍ ടെസ്ല മോഡല്‍ ത്രി മാത്രമാണ് രാജ്യത്തേക്ക് എത്തിക്കുന്നത്. ഇറക്കുമതിയില്‍ ഇളവ് പ്രതീക്ഷിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതോടെയാണ് ടെസ്ല ഇന്ത്യന്‍ നിക്ഷേപം നടത്താനായി ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി കര്‍ണാടകയും മഹാരാഷ്ട്രയും ടെസ്ലയുടെ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി ശ്രമിച്ചുവരികയായിരുന്നു. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി ടെസ്ല അധികൃതര്‍ ചര്‍ച്ചകളും നടത്തിയിരുന്നു.അതേസമയം 2021 തുടക്കത്തോടെ ടെസ്ല ഇന്ത്യയില്‍ കാര്‍ വില്‍പ്പന ആരംഭിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ടെസ്ല മേധാവി ഈലണ്‍ മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 2021 ല്‍ കാര്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ സജീവമാകുന്നത് സംബന്ധിച്ചുള്ള സൂചനകള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്. നിരവധി ഇലക്‌ട്രോണിക് വാഹനപ്രേമികള്‍ ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്.

Comments (0)
Add Comment