സംശയനിവാരണത്തിനും ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍പ്രവര്‍ത്തനത്തിനും മാതൃകാപരീക്ഷകള്ക്കുമായാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് റൂം പഠനം പുനരാരംഭിച്ചത്.നടപ്പ് അധ്യയനവര്‍ഷത്തില്‍ അധ്യാപകരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടക്കാത്തതിനാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പലയിടത്തും ചില വിഷയങ്ങള്‍ പഠിപ്പിക്കാനാളില്ല.ശാസ്ത്രവിഷയങ്ങളിലാണ് ഒഴിവുകളേറെ. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വിദ്യാലയങ്ങള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കാത്തതിനാല്‍ ദിവസവേതനാടിസ്ഥാനത്തില്പോലും അധ്യാപകനിയമനങ്ങള്‍ നടത്താനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വിരമിച്ചവരെയും പ്രൈമറി വിഭാഗത്തില്‍നിന്നുള്ള യോഗ്യരായ അധ്യാപകരെയും ഇതിനായി വിനിയോഗിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം.എന്നാല്‍, മിക്കയിടത്തും കോവിഡ് പശ്ചാത്തലത്തില്‍ വിരമിച്ച അധ്യാപകരെയും ഒഴിവുള്ള തസ്തികകള്‍ക്ക് അനുയോജ്യരായ പ്രൈമറി അധ്യാപകരെയും കിട്ടാനില്ല. പൊതുപരീക്ഷകള്‍ മാര്‍ച്ചില്‍ തുടങ്ങാനിരിക്കെ വേണ്ടത്ര പഠനപിന്തുണ ലഭ്യമല്ലാത്ത അവസ്ഥയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാലയങ്ങളിലെ അധ്യാപകക്ഷാമം പരിഹരിക്കുന്നതിന് പി.എസ്.സി നിയമനം ത്വരിതപ്പെടുത്തണമെന്നും അധ്യാപകരുടെ സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനുമായി നിയമാനുസൃതം തയാറാക്കിയ നിലവിലുള്ള പട്ടിക പ്രാബല്യത്തിലാക്കുകയോ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്താനുള്ള നടപടിയോ സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.