കേരളത്തിന്റെ അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി-– കെ ഫോണ്‍ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് 5.30ന് ഓണ്‍ലൈനിലാണ് ഉദ്ഘാടനം. എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യഘട്ടം കെ ഫോണ്‍ യാഥാര്‍ഥ്യമാകുന്നത്. അസാധ്യമെന്ന് പ്രതിപക്ഷം വിശേഷിപ്പിച്ച മറ്റൊരു ബൃഹത് പദ്ധതികൂടി ഇതോടെ യാഥാര്‍ഥ്യമാകുന്നു.തുടക്കത്തില്‍ ഈ ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. ജൂലൈയില്‍ 5700 സര്‍ക്കാര്‍ ഓഫീസുകളില്‍ കൂടി കെ ഫോണ്‍ എത്തും. സംസ്ഥാനത്താകെ ഒന്നാംഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് കണക്ഷന്‍. പദ്ധതിക്കായി 7500 കിലോമീറ്ററില്‍ കേബിള്‍ സ്ഥാപിച്ചു. കെഎസ്‌ഇബി തൂണുവഴിയാണ് ലൈന്‍ വലിച്ചത്. അടുത്ത ഘട്ടത്തില്‍ 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കും.
1531 കോടിരൂപയാണ് പദ്ധതി ചെലവ്. ഇതിന്റെ 70 ശതമാനം തുക കിഫ്ബി നല്‍കും. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി എം എം മണി അധ്യക്ഷനാകും. ധനമന്ത്രി ടി എം തോമസ് ഐസക് പങ്കെടുക്കും.