നിയമം, വിദ്യാഭ്യാസം, റസ്റ്റാറന്റുകള്‍, കഫേകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നീ രംഗത്തെ ജോലികളില്‍ സ്വദേശിവത്കരണം ഉടന്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹ്മദ് അല്‍രാജിഹി പറഞ്ഞു. കരാറുകാരുടെയും കണ്‍സല്‍ട്ടിങ് പ്രഫഷനലുകളുടെയും ദേശീയ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വദേശികള്‍ക്ക് എല്ലാ വകുപ്പുകളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്. യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളെ ശാക്തീകരിക്കാനും ഒഴിവുസമയങ്ങളില്‍ തൊഴില്‍വിപണിയില്‍ അവരെ ഉള്‍പ്പെടുത്താനും ശ്രമിക്കും. മന്ത്രാലയങ്ങള്‍, അര്‍ധ ഗവണ്മെന്റ് സ്ഥാപനങ്ങള്‍, സ്വകാര്യമേഖലയുമായി കരാറുണ്ടാക്കിയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സെക്യൂരിറ്റി ജോലിയിലേര്‍പ്പെടുന്നവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നു. കരാര്‍ബന്ധം മെച്ചപ്പെടുത്തുന്ന പദ്ധതി സ്വദേശികളുമായി കരാറുണ്ടാക്കുന്നത് വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കി. സ്വകാര്യമേഖലയുമായി സഹകരിച്ച് തൊഴില്‍ വിപണിക്കാവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്താന്‍ മന്ത്രാലയം ശ്രമിച്ചിട്ടുണ്ട്. ഇതിനായി നിരവധി ശില്പശാലകള് സംഘടിപ്പിച്ചു. സൗദിയിലെ തൊഴില്‍വിപണി വികസിപ്പിക്കുക, അതിെന്റ കാര്യക്ഷമത വര്‍ധിപ്പിക്കുക, ആഗോള തൊഴില്വിപണികളെ ആകര്‍ഷിക്കുക, ഉയര്‍ന്ന മത്സരശേഷിയുണ്ടാക്കുക, കഴിവുള്ളവരെ വിപണിയിലേക്ക് ആകര്‍ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണിതെല്ലാം. 2019-2020 കാലഘട്ടത്തില്‍ വിവിധ സ്വദേശീവത്കരണ പരിപാടികളിലൂടെ നല്ല ഫലങ്ങള്‍ കൈവരിക്കാനായിട്ടുണ്ട്.4,20,000ത്തിലധികം സ്വദേശി പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തൊഴില്‍ നല്‍കാനായി. മന്ത്രാലയത്തിെന്റ പുതിയ സര്‍വിസ് പോര്‍ട്ടലായ ‘ഖുവാ’യുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് സ്ഥാപനങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു. ഒാണ്‍ലൈനില്‍ സേവനങ്ങള്‍ എളുപ്പമാക്കിയതിനാല്‍ ഒാഫിസുകളിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.