ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഒല

ബംഗളൂരുവിലാണ് ഏറ്റവും വലിയ പ്ലാന്റൊരുങ്ങുന്നത്. അതിനായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. 500 ഏക്കറിലാകും പ്ലാന്റ് സ്ഥാപിക്കുക. ഏറ്റവും വലിയ മുതല്‍ മുടക്കില്‍ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരിക്കും ഇത്.ആഗോള വിപണി ലക്ഷ്യമിട്ടാണ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ബവിഷ് അഗര്‍വാള്‍ അറിയിച്ചു. വര്‍ഷം പത്ത് മില്ല്യണ്‍ ഇ-സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടാകും. മലിനീകരണ തോത് കൂടുതലുള്ള ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ ഇപ്പോഴും പെട്രോള്‍ ഡീസല്‍ വാഹനങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് ഓലയുടെ കടന്നുവരവോടെ ഇതിന് മാറ്റമുണ്ടാകുമെന്ന് ബവിഷ് അഗര്‍വാള്‍ അഭിപ്രായപ്പെടുന്നു.2022 മുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബവിഷ് അറിയിച്ചു. ചെലവ് നിയന്ത്രിക്കാന്‍ ഓല സ്വന്തം ബാറ്ററി പായ്ക്ക്, മോട്ടോര്‍, സോഫ്‌റ്റ്വെയര്‍ എന്നിവ രൂപകല്‍പ്പന ചെയ്യുകയും അവ നിര്‍മ്മിക്കുകയും ചെയ്യും. ടെസ്‌ലയെപ്പോലെ, സ്വന്തം പവര്‍ സെല്ലുകള്‍ നിര്‍മ്മിച്ച്‌ ചെലവ് കുറയ്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിര്‍മ്മാണ പ്ലാന്റിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.നിലവില്‍ രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതും ഒലയ്ക്ക് ഗുണകരമാകും.

Comments (0)
Add Comment