ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടയില്‍ സൊമാറ്റോയുടെ ഡെലിവറി ബോയി മര്‍ദിച്ചതായി യുവതിയുടെ പരാതി

ബംഗളൂരു : ബംഗളൂരുവിലെ കണ്ടന്‍റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്​റ്റുമായ ഹിതേഷ ചന്ദ്രാനെയാണ് സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചുച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.മൂക്കില്‍ നിന്നും രക്തം ഒഴുകുന്ന രീതിയിലുള്ള വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഹിതേഷ, തന്റെ ഓര്‍ഡര്‍ ഡെലിവറി ചെയ്യാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പറയുന്നു . ഡെലിവറി എക്സിക്യൂട്ടീവ് വീട്ടില്‍ അതിക്രമിച്ച്‌ കയറി തന്നെ അധിക്ഷേപിച്ചുവെന്നും അവര്‍ ആരോപിക്കുന്നു.മാര്‍ച്ച്‌ 9 ന് വൈകുന്നേരം 3.30 നാണ് ഭക്ഷണത്തിനായി ഓര്‍ഡര്‍ നല്‍കിയത് . 4.30 ഓടെ ഡെലിവറി ചെയ്യേണ്ടിയിരുന്ന ഭക്ഷണം കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ സൊമാറ്റോയുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു .ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാനോ അതല്ലെങ്കില്‍ ഡെലിവറി തുക തിരിച്ചുനല്‍കാനോ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഭക്ഷണവുമായി കാമരാജ് എന്ന ഡെലിവറി എക്സിക്യൂട്ടീവ് എത്തി . വൈകിയതിനാല്‍ ഓര്‍ഡര്‍ വേണ്ടെന്നും കസ്​റ്റമര്‍ കെയറുമായി സംസാരിക്കുകയാണെന്നും അറിയിച്ചെങ്കിലും തിരിച്ചുപോകാതെ അയാള്‍ തന്നെ അധിക്ഷേപിക്കുകയും , മര്‍ദിക്കുകയുമായിരുന്നുവെന്ന് ഹിതേഷ പറഞ്ഞു.

Comments (0)
Add Comment