തുടര്‍ച്ചയായി നാല് ഇന്നിങ്സുകളില്‍ 50ന് മുകളില്‍ റണ്‍സ്

സിക്സറുകളുടെ പെരുമഴ, ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് പിന്തുടര്‍ന്ന ഇം​ഗ്ലണ്ടിന്റെ വെടിക്കെട്ട്, കെ.എല്‍ രാഹുലിന്റെയും ജോണി ബെയര്‍ സ്റ്റോയുടെയും സെഞ്ചുറി, ബെന്‍ സ്റ്റോക്സ്, ഋഷഭ് പന്ത്, വിരാട് കോഹ്ലി, ജേസണ്‍ റോയ്, ഹാര്‍ദിക് പാണ്ഡ്യെ എന്നിവരുടെ പ്രകടനങ്ങള്‍ എന്നിങ്ങനെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഒരുപാട് ഇന്നിങ്സുകളാണ് ഉണ്ടായത്.ഇം​ഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിലും അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാകട്ടെ മറ്റൊരു നേട്ടത്തിലേക്കാണ് നടന്നുകയറിയത്. തുടര്‍ച്ചയായി നാല് ഏകദിന ഇന്നിങ്സുകളിലാണ് കോഹ്ലി അര്‍ധസെഞ്ചുറി കുറിച്ചത്. 89, 63,56, 66 എന്നിങ്ങനെയാണ് അവസാന നാല് ഏകദിന മത്സരങ്ങളിലെ കോഹ്ലിയുടെ സ്കോര്‍. ഏകദിനത്തില്‍ ഇത് ഏഴാം തവണയാണ് കോഹ്ലി തുടര്‍ച്ചയായി നാലോ അതിലധികമോ ഇന്നിങ്സുകളില്‍ 50 കടക്കുന്നത്. നേരത്തെ ഇം​ഗ്ലണ്ടിനെതിരെയുളള ട്വന്റി- ട്വന്റി മത്സരങ്ങളിലും കോഹ്ലി തിളങ്ങിയിരുന്നു.ഇംഗ്ലണ്ടിനെതിരായ ട്വന്റി പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഡക്കായ വിരാട് കോഹ്ലി പിന്നീടുളള മൂന്ന് കളിയിലും അര്‍ദ്ധസെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 73*, 77*, 80* എന്നിങ്ങനെ ആയിരുന്നു സ്കോര്‍. നിലവില്‍ ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ബാറ്റിങ്ങില്‍ കോഹ്ലി ഒന്നാമതാണ്. ട്വന്റി-20 റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുമുണ്ട് കോഹ്ലി. ഇതിന് പുറമെ ഏകദിനത്തില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ഇന്ത്യ 300 കടക്കുന്നതെന്ന പ്രത്യേകതയുണ്ട്. നേരത്തെ 2017ലാണ് ഇന്ത്യ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ 300 കടന്നത്. അന്ന് ആദ്യ മൂന്ന് തവണ ഇം​ഗ്ലണ്ടിനെതിരെയാണ് ഇന്ത്യ 300ന് മുകളില്‍ സ്കോര്‍ ചെയ്തത്. ഇത്തവണയും രണ്ട് മത്സരങ്ങള്‍ ഇം​ഗ്ലണ്ടിനെതിരെ തന്നെയാണ് ഇന്ത്യ മുന്നൂറിന് മുകളില്‍ നേടിയത്.

Comments (0)
Add Comment