നാല് മണിക്കൂര്‍ അവിടെ കണ്ട കാഴ്ചകള്‍, കൊവിഡ് ലോകത്തിന് പകര്‍ത്തിയെന്ന് സംശയിക്കപ്പെടുന്ന വുഹാനിലെ വിവാദ ലാബില്‍ അന്വേഷിക്കാനെത്തിയ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത്

ബീജിംഗ് : എന്നാല്‍ ഈ രോഗം എങ്ങനെ ഉത്ഭവിച്ചു എന്നതിന് ഇനിയും വ്യക്തമായ ഉത്തരം നല്‍കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. വുഹാനിലെ മാംസ വ്യാപാര സ്ഥലത്ത് നിന്നുമാണെന്നും, അതല്ല വുഹാനിലെ ലാബില്‍ നിന്നും അബദ്ധത്തില്‍ രോഗാണു ചോര്‍ന്നതാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാശ്ചാത്യ മാദ്ധ്യമങ്ങളടക്കം ചൈനയുടെ ലാബില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ലോകത്തെമ്ബാടും വ്യാപിച്ച വൈറസ് എന്ന തലത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. ഈ വാദത്തിന് ശക്തി പകര്‍ന്നുകൊണ്ട് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ട്രംമ്ബ് കൊവിഡിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.വുഹാനിലെ ലാബ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വിദേശ സംഘത്തെ പരിശോധനയ്ക്ക് അന്താരാഷ്ട്ര സംഘത്തെ അനുവദിക്കണമെന്ന ലോക രാജ്യങ്ങളുടെ ആവശ്യത്തെ നിരന്തരം നിഷേധിച്ച ചൈന ഒടുവില്‍ ലോകാരോഗ്യ സംഘടന നിയോഗിച്ച സംഘത്തെ പരിമിതമായ രീതിയില്‍ തങ്ങളുടെ രാജ്യത്ത് അന്വേഷണം നടത്താന്‍ അനുവദിച്ചിരുന്നു. ഈ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ലാബില്‍ നാല് മണിക്കൂര്‍ മാംസ മാര്‍ക്കറ്റില്‍ ഒരു മണിക്കൂര്‍

കൊവിഡ് ലോകത്തില്‍ ആദ്യം പടര്‍ന്ന ചൈനയിലെ വുഹാനിലെത്തിയ ശാസ്ത്രസംഘം വുഹാനിലെ വിവാദ ലാബില്‍ നാലുമണിക്കൂറോളം ചിലവഴിച്ചു, അതേസമയം നഗരത്തിലെ മാംസ വ്യാപാര സ്ഥലത്ത് ഒരു മണിക്കൂറുമാണ് പരിശോധന നടത്തിയത്. ലാബില്‍ നടത്തിയ പരിശോധനയില്‍ അന്വേഷക സംഘം തൃപ്തി രേഖപ്പെടുത്തി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിനാശകാരികളായ വൈറസുകളെയുള്‍പ്പടെ പഠനാവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിട്ടുള്ള ലാബില്‍ മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ ചുരുങ്ങിയ സമയത്തെ പരിശോധനയില്‍ സുരക്ഷാ ലാബില്‍ നിന്നാണ് രോഗകാരി ഉത്ഭവിച്ചത് എന്നത് തീര്‍ത്തും സാധ്യതയില്ലാത്ത കാര്യമാണെന്ന് സംഘം വിശകലനം ചെയ്യുന്നു.അതേസമയം വവ്വാലുകളില്‍നിന്നും ഒരു ഇടനില മൃഗത്തിലൂടെ മനുഷ്യരിലേക്ക് പകര്‍ന്നതാവാം കൊവിഡ് എന്ന നിഗമനത്തിന് വീണ്ടും പ്രസക്തിയേറുകയാണ്. ലോകാരോഗ്യ സംഘടന നിയോഗിച്ച സംഘത്തിന്റെ റിപ്പോര്‍ട്ട് ചൈനയ്ക്ക് പുതുജീവന്‍ നല്‍കുമെന്ന് ഉറപ്പാണ്. അതേ സമയം അന്വേഷണത്തിനെത്തിയ സംഘത്തിന് ആവശ്യമായ രേഖകള്‍ നല്‍കുന്നതില്‍ ചൈന മടികാട്ടിയെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

Comments (0)
Add Comment