യു.എ.ഇയുടെ ഔദ്യോഗിക ചിഹ്നത്തില്‍ സ്വര്‍ണ്ണ ഫാല്‍ക്കണ്‍ ഇടംനേടിയത് ഇമറാത്തികള്‍ക്ക് ഈ പക്ഷിയോടുള്ള സ്നേഹത്തിെന്റ പ്രതീകമാണ്. ഫാല്‍ക്കനുകള്‍ക്ക് മാത്രമായി അബൂദബിയില്‍ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമുണ്ട്. അബൂദബി ഫാല്‍ക്കണ്‍ ഹോസ്പിറ്റല്‍. എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.സമഗ്രമായ വെറ്റിനറി ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്കുന്ന ഫാല്‍ക്കണ്‍ ആശുപത്രി അബൂദബി പരിസ്ഥിതി ഏജന്‍സി 1999 ഒക്ടോബര്‍ മൂന്നിനാണ് ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഫാല്‍ക്കണ്‍ ആശുപത്രിയാണിത്. ഇതുവരെ 1,10,000 ഫാല്‍ക്കണ്‍ പക്ഷികളെയാണ് ഇവിടെ ചികില്‍സിച്ചത്.വിദ്യാഭ്യാസം, അവബോധം, പരിശീലനം, ഗവേഷണം എന്നീ മേഖലകളിലും അബൂദബി ഫാല്‍ക്കണ്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നു. 2006 മുതല്‍ എല്ലാത്തരം പക്ഷികള്‍ക്കുമുള്ള പ്രത്യേക ഏവിയന്‍ ആശുപത്രിയായി.2007 ജൂലൈ ഒന്നിന് ഫാല്‍ക്കണ്‍ ആശുപത്രിയോടനുബന്ധിച്ച് പെറ്റ് കെയര്‍ സെന്റര്‍ ആരംഭിച്ചു. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമായി വി.ഐ.പി ബോര്‍ഡിങ് കെന്നലുകളും വളര്‍ത്തുമൃഗങ്ങളുടെ ചമയവും നായ പരിശീലന സൗകര്യങ്ങളും ഇവിടെയുണ്ട്. അവധിക്കു പോകുന്നവരുടെ വളര്‍ത്തു നായയും പൂച്ചകളും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇവിടെയുള്ള ബോര്‍ഡിങ് കെന്നലുകളിലാണ് ജീവിക്കുന്നത്. നായകളുടെ വ്യായാമത്തിനായി ഡോഗ് എജിലിറ്റി പാര്‍ക്ക് 2011ല്‍ ആരംഭിച്ചു. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് ഫെലൈന്‍ മെഡിസിന് ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കറ്റുള്ള ക്യാറ്റ് ഫ്രണ്ട്ലി ക്ലിനിക്കായി.ഫാല്‍ക്കനുകളെ വളര്‍ത്തുന്നതിന് 2011 ല്‍ ഫാല്‍ക്കണ്‍ ബ്രീഡിങ് സെന്ററും ഇവിടെ ആരംഭിച്ചു. ശൈഖ് സായിദ് ഫാല്‍ക്കണ്‍ റിലീസ് പ്രോഗ്രാമിനായി ഫാല്‍ക്കണുകളെയും ഇവിടെ വളര്‍ത്തുന്നു. വേള്‍ഡ് ടൂറിസം അവാര്‍ഡ് ഉള്‍പ്പെടെ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും അബൂദബി ഫാല്‍ക്കണ്‍ ആശുപത്രിയെ തേടിയെത്തിയിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെപേര്‍ ഇവിടെ ജോലി ചെയ്യുന്നു. പെറ്റ് ബോര്‍ഡിങ്, പെറ്റ് ക്ലിനിക് അപ്പോയിന്റ്മെന്റുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ എന്നിവക്ക് വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യാം.