മസ്കത്തിലെയും സലാലയിലെയും സിറ്റി ബസ് സര്‍വിസുകള്‍ വൈകീട്ട് ആറുവരെ മാത്രമായിരിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു. ഇന്റര്‍സിറ്റി സര്‍വിസുകളുടെ സമയക്രമവും പുനഃക്രമീകരിക്കും. പരമാവധി വൈകീട്ട് ആറിനുമുമ്ബ് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്ന രീതിയിലായിരിക്കും ഇന്റര്‍സിറ്റി സര്‍വിസുകള്‍ ക്രമീകരിക്കുക. ഫെറി സര്‍വിസുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാകും. മസ്കത്തിലും സലാലയിലും മാത്രമാണ് ഇപ്പോള്‍ സിറ്റി ബസ് സര്‍വിസ് ഉള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചശേഷം സുഹാറിലേത് പുനരാരംഭിച്ചിട്ടില്ല.ഏപ്രില്‍ എട്ടു വരെയാണ് രാത്രിയാത്ര വിലക്ക് നിശ്ചയിച്ചിട്ടുള്ളത്. രോഗവ്യാപനം കുറയാത്തപക്ഷം രാത്രി ലോക്ഡൗണ്‍ നീട്ടാനോ അല്ലെങ്കില്‍ സമ്ബൂര്‍ണ ലോക്ഡൗണോ പൂര്‍ണമായ യാത്രവിലക്കോ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഏപ്രില്‍, മേയ് മാസങ്ങള്‍ രോഗവ്യാപനം സംബന്ധിച്ച് നിര്‍ണായകമാണെന്നും മോശമായ കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ വരുംദിവസങ്ങളില്‍ കൈകൊള്ളുമെന്നുമാണ് സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചത്. അതിനിടെ, സമ്ബൂര്‍ണ ലോക്ഡൗണ്‍ ഉണ്ടാകാനിടയുണ്ടെന്ന വാര്‍ത്തകള്‍ വ്യാപാര മേഖലയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുപോലെ കടകള്‍ അടച്ചിടേണ്ട അവസ്ഥയുണ്ടാകുന്നത് സാമ്ബത്തികമായി പ്രയാസമുണ്ടാക്കുമെന്നതാണ് ഇവരുടെ ആശങ്ക. കഴിഞ്ഞ ലോക്ഡൗണില്‍ കടകള്‍ അടച്ചിടേണ്ടിവന്ന പലര്‍ക്കും കെട്ടിടയുടമകള്‍ വാടക ഇളവുചെയ്ത് നല്‍കിയിട്ടില്ല. ഇൗ വാടക ഇനിയും കൊടുത്ത് തീര്ക്കാത്തവരും ധാരാളമുണ്ട്.