എഫ്സി ബാഴ്സലോണ സ്പാനിഷ് ലാ ലിഗ അവസാന റൗണ്ടിലേക്ക് കടക്കുമ്ബോള്‍ പോരാട്ടം കടുക്കുന്നു

ഇത്തവണ കരുത്തരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും തമ്മില്‍ മാത്രമല്ല കൊമ്ബുകോര്‍ക്കല്‍. കിരീടത്തിനായുള്ള ഓട്ടത്തില്‍ ഇരുവരേക്കാള്‍ ഒരു പടി മുകളിലാണ് അത്ലറ്റിക്കോ മാഡ്രിഡ്.എല്ലാ സീസണിലും ബാഴസയല്ലെങ്കില്‍ റയല്‍ 90 പോയിന്റിന് മുകളില്‍ കടക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടാകുമോ എന്ന് കണ്ടറിയേണ്ടി വരും. നിലവില്‍ ഒന്നാമതുള്ള അത്ലറ്റിക്കോയ്ക്ക് 28 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റാണുള്ളത്. തൊട്ടുപിന്നില്‍ 62 പോയിന്റുമായി ബാഴ്സയും 60 പോയിന്റുമായി റയലും. ഒന്നും മൂന്നും സ്ഥാനത്തുള്ളവര്‍ തമ്മിലുള്ള വ്യത്യാസം വെറും ആറ് പോയിന്റ് മാത്രമാണ്.അത്ലറ്റിക്കോയുടെ അടുത്ത എതിരാളികള്‍ പട്ടികയില്‍ നാലാമതുള്ള സെവിയ്യയാണ്. അവേശിഷിക്കുന്ന മത്സരങ്ങളില്‍ കടുപ്പമേറിയ ഒന്നു തന്നെയാകും ഇത്. ജനുവരിയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അത്ലറ്റിക്കോ ഏകപക്ഷീയമായ രണ്ട് ഗോളിന് ജയം സ്വന്തമാക്കിയിരുന്നു.ലീഗ് ജേതാക്കളെ അറിയേണ്ട സമയമായതാണെന്നാണ് അത്ലറ്റിക്കോ നായകന്‍ ഖോക്കെയുടെ വിലയിരുത്തല്‍. “ഞങ്ങളാണ് കിരീടം നേടാന്‍ കൂടുതല്‍ സാധ്യത എന്നൊന്നും എനിക്കറിയില്ല. ആളുകള്‍ പോയിന്റ് അടിസ്ഥാനത്തില്‍ പറയുന്നതാണ് അതെല്ലാം. ലോകത്തിലെ തന്നെ മികച്ച രണ്ട് ടീമുകളായ ബാഴസയും റയലും അവസാനം വരെ പോരാടുമെന്ന് ഉറപ്പാണ്, ഞങ്ങളും,” ഖോക്കെ പറ‍ഞ്ഞു.”കിരീടം നഷ്ടമായാല്‍ അത് തീര്‍ച്ചയായും വേദനിപ്പിക്കും. കാരണം ഈ സീസണ്‍ ഞങ്ങള്‍ക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നു. കോവിഡ് കാരണം താരങ്ങള്‍ക്ക് കളിക്കാന്‍ പറ്റിയില്ല, നിരവധിപ്പേര്‍ക്ക് പരുക്കും പറ്റി,” താരം കൂട്ടിച്ചേര്‍ത്തു. ഫോര്‍വേഡ് ജാവോ ഫെലിക്സിനും വിങ്ങര്‍ യാനിക് കരാസ്കോയ്ക്കും ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ചെറിയ പരുക്കുകള്‍ പറ്റിയതിനാല്‍ ഇരുവരും ശാരീരികക്ഷമത തെളിയിക്കേണ്ടതുണ്ട്.ബാഴ്സയുടെ അടുത്ത മത്സരം റയല്‍ വയ്യഡോളിഡിനോടാണ്. മികച്ച വിജയം മാത്രമായിരിക്കും റോണള്‍ഡ് കോമാന്റേയും കൂട്ടരുടേയും ലക്ഷ്യം. നിലവില്‍ ലീഗില്‍ ബാഴ്സ ഫോമിലാണ്. അവസാനം നടന്ന 18 മത്സരങ്ങളില്‍ 15ഉം ജയിക്കാനവര്‍ക്കായി. 23 ഗോളുകളുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ലീഗിലെ ടോപ് സ്കോറര്‍. റയലിനാവട്ടെ ലീഗില്‍ നിന്ന് പുറത്താക്കല്‍ ഭീഷണ നേരിടുന്ന ഐബറാണ് എതിരാളികള്‍.

Comments (0)
Add Comment