ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

നാല് മത്സരങ്ങളില്‍ നിന്ന് ഓരോ ജയം മാത്രമുള്ള ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ മലയാളി താരം സഞ്ജു സാംസണില്‍ നിന്ന് മികച്ച പ്രകടനമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.പഞ്ചാബിനെതിരെ സെഞ്ചുറിയോടെ സീസണ്‍ തുടങ്ങിയ ശേഷം സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതാണ് രാജസ്ഥാന്റെ തലവേദന. ആദ്യ മത്സരത്തില്‍ 119 റണ്‍സ് നേടിയ സഞ്ജു പിന്നീട് നിരാശപ്പെടുത്തി. ഡല്‍ഹിക്കെതിരെ 4 റണ്‍സും ചെന്നൈയ്‌ക്കെതിരെ 1 റണ്ണും ബാംഗ്ലൂരിനെതിരെ 21 റണ്‍സും മാത്രം നേടാനെ സഞ്ജുവിന് കഴിഞ്ഞുള്ളൂ. ഇതോടെ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പ്രമുഖ വിദേശതാരങ്ങളുടെ അഭാവവും ഫോമില്ലായ്മയും ഉയര്‍ത്തുന്ന വെല്ലുവിളിയും രാജ്ഥാന് മറികടക്കേണ്ടതുണ്ട്.മറുവശത്ത് കൊല്‍ക്കത്തയും പ്രതിസന്ധിയിലാണ്. ആദ്യ കളിയില്‍ ഹൈദരാബാദിനെതിരെ 10 റണ്‍സ് ജയം സ്വന്തമാക്കിയ ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലും തോറ്റു. ബൗളിംഗ് നിരയുടെ പ്രകടനമാണ് കൊല്‍ക്കത്ത നേരിടുന്ന പ്രധാന വെല്ലുവിളി. ബാംഗ്ലൂരും ചെന്നൈയും കൊല്‍ക്കത്തയ്‌ക്കെതിരെ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ബാറ്റിംഗില്‍ ദിനേഷ് കാര്‍ത്തികും ശുഭ്മാന്‍ ഗില്ലും ഇയാന്‍ മോര്‍ഗനും ഫോം കണ്ടെത്താനാകാതെ വലയുന്നു. ഫോമിലുള്ള നിതീഷ് റാണയും കഴിഞ്ഞ മത്സരത്തില്‍ ഫോമിലേയ്‌ക്കെത്തിയ ആന്ദ്രെ റസലുമാണ് കൊല്‍ക്കത്തയുടെ കരുത്ത്.

Comments (0)
Add Comment