ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഈ വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലെ വരുമാനം 55.3 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു

ഇന്നലെ പുറത്തിറക്കിയ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് പ്രകാരമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായ വരുമാനത്തേക്കാള്‍ 34 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ദ്ധനവ്. കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന സാമ്ബത്തിക രംഗം മെല്ലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങിയതും ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചതും കണക്കിലെടുത്ത് 51.7 ബില്ല്യണ്‍ ഡോളറിന്റെ വരുമാനം ഉണ്ടാക്കുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ അതെല്ലാം തെറ്റിച്ചാണ് ഇപ്പോളുണ്ടായിരിക്കുന്ന കുതിച്ചുകയറ്റം.കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ കോവിഡ് പ്രതിസന്ധി മുറുകിയതോടെ പരസ്യവിപണിയില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍, ആ പ്രതിസന്ധിയില്‍ നിന്നും അത്യൂഗ്രന്‍ തിരിച്ചുവരവാണ് ഇപ്പോള്‍ ഗൂഗിള്‍ കാഴ്‌ച്ചവച്ചിരിക്കുന്നത്. വിവര സാങ്കേതിക രംഗത്തുള്ള മറ്റു പല കമ്ബനികളേയും പോലെ വരുമാനം കുത്തനെ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതേസമയം 2020-ലെ അവസാന പാദത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഫേസ്‌ബുക്കിന്റെ ലാഭം 2019-ലേതിനെ അപേക്ഷിച്ച്‌ 53 ശതമാനം വര്‍ദ്ധിച്ചു എന്നാണ്.ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ കണക്ക് ഫേസ്‌ബുക്ക് ഇന്ന് പ്രസിദ്ധീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍ ആപ്പിളിന് 100 മില്ല്യണ്‍ ഡോളറിന്റെ വരുമാനമുണ്ടായതായി അവര്‍ ജനുവരിയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. അതുപോലെ, കഴിഞ്ഞവര്‍ഷം അവസാന പാദത്തില്‍ 125 ബില്ല്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കിയ ആമസോണിന്റെ ഈ വര്‍ഷത്തെ ആദ്യപാദത്തിലെ കണക്കുകള്‍ നാളെ പ്രഖ്യാപിക്കും എന്നറിയിച്ചിട്ടുണ്ട്.കോവിഡ് പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ കൂടുതലായി ഓണ്‍ലൈനിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ആമസോണിന് കുതിച്ചുകയറ്റമായിരുന്നു. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ചുരുങ്ങിയത് 104 ബില്ല്യണ്‍ ഡോളറെങ്കിലുംവരുമാനം ഉണ്ടായിക്കാണുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പ്രവചിക്കുന്നത്. ഗൂഗിള്‍പരസ്യ വില്പനയില്‍ 32 ശതമാനത്തിന്റെ വര്‍ദ്ധനവ് ദൃശ്യമായപ്പോള്‍ ക്ലൗഡ്വില്‍പനയില്‍ ഉണ്ടായത് 45.7 ശതമാനത്തിന്റെ വര്‍ദ്ധനവായിരുന്നു.ഗൂഗിളിന്റെ ക്ലൗഡ് കമ്ബ്യുട്ടിങ് ലോകമാകമാനം നിരവധി ബിസിനസ്സുകള്‍ക്കാണ് ഈ പ്രതിസന്ധികാലത്ത് ആശ്വാസമായി തീര്‍ന്നത്. വലുതും ചെറുതുമായ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇടപാടുകള്‍ക്കായി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. ഇതോടെ ആല്‍ഫബെറ്റിന്റെ മൂന്നു മാസങ്ങളിലെ ലാഭം 162 ശതമാനമായാണ് ഉയര്‍ന്നത്. ഗൂഗിളിന്റെ ഓഹരിവിലയില്‍ 80 ശതമാനത്തിന്റെ വര്‍ദ്ധനവും ദൃശ്യമായിട്ടുണ്ട്.

Comments (0)
Add Comment