രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ന് രാത്രി എട്ട് മണിയ്ക്കാണ് യോഗം ചേരുക. കേന്ദ്രമന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.രണ്ടാം ഘട്ട കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിക്കുന്നത്. നേരത്തെ, കോവിഡ് സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.യോഗത്തില്‍ ഓരോ മേഖലയിലെയും സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും. ഇതിന് പുറമേ വാക്‌സിനേഷന്‍ പ്രക്രിയയുടെ പുരോഗതിയും വിവിധ സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ ലഭ്യതയുടെ ആവശ്യകതയും അദ്ദേഹം അവലോകനം ചെയ്‌തേക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പ്രധാനമന്ത്രി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ 16 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

Comments (0)
Add Comment