കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ നിന്ന് ഫെബ്രുവരി മാസത്തിലാണ് ചൈന പിന്‍മാറ്റം ആരംഭിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് സാഹചര്യം രൂക്ഷമായതോടെ ശ്രദ്ധ മാറിയ തക്കത്തിന് വീണ്ടും ഇവിടങ്ങളില്‍ ചൈനീസ് സൈന്യം കൈയേറ്റം തുടങ്ങി. ഇവിടെ സ്ഥിരതാമസത്തിന് കെട്ടിടങ്ങളും സംഭരണ കേന്ദ്രങ്ങളും നിര്‍മ്മിക്കുന്നതായാണ് വിവരം. ചൈനീസ് പിന്മാറ്റത്തിനായി ഇരുവിഭാഗങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം.അക്‌സായ് ചിനിന് വടക്ക് കാംഗ്സിവാറിലാണ് പുതിയ ചൈനീസ് നിര്‍മ്മിതികള്‍ എന്നാണ് ലഭ്യമായ വിവരം. ചൈന ഇത്തരത്തില്‍ നിര്‍മ്മാണം നടത്തുന്നത് ദീര്‍ഘകാലത്തേക്ക് ഇവിടെ തങ്ങാനാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം. ചൈനീസ് സര്‍ക്കാര്‍ ഇന്ത്യയ്‌ക്ക് കൊവിഡ് കാലത്തേക്ക് വേണ്ട ഓക്‌സിജനും മരുന്നുകളും സഹായമായി നല്‍കാമെന്ന എന്ന വാഗ്‌ദാനം നടത്തിയ സമയത്ത് തന്നെയാണ് ചൈനീസ് സൈന്യം കൈയേറ്റം നടത്തി പ്രകോപനം സൃഷ്‌ടിക്കുന്നത്.ബലമേറിയ കെട്ടിടങ്ങള്‍ തന്നെയാണ് ചൈന നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്തിന് വളരെ അടുത്താണ് ഈ നിര്‍മ്മാണങ്ങള്‍. 2020 മേയ് അഞ്ചിനായിരുന്നു ലഡാക്കില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.കാംഗ്സിവാറില്‍ പതിനായിരം സൈനികരെയാണ് ആദ്യം ചൈന നിയമിച്ചത്. ഇതിനുപുറമെ പതിനായിരം സൈനികരെ കൂടി ഇപ്പോള്‍ ചൈന നിയോഗിച്ചിരിക്കുകയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം. ലഡാക്കിലെ ഡെപ്‌സാംഗില്‍ നിന്നും ദൗലത്ത് ബേഗ് ഓള്‍ഡിയില്‍ നിന്നും പിന്മാറാന്‍ ഉദ്ദേശ്യമില്ലെന്ന് തന്നെയാണ് ചൈനീസ് സൈന്യത്തിന്റെ പുതിയ നീക്കത്തിലൂടെ ചൈന അര്‍ത്ഥമാക്കുന്നത്.