ഗാസയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുന്നു; മരണം 83 ആയി

ചെറിയ പെരുന്നാള്‍ ദിനത്തില ഗാസയില്‍ നടന്ന വ്യോമാക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തിങ്കളാഴ്ച ആരംഭിച്ച ഇസ്‌റാഈല്‍ നരനായാട്ടില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 83 ആയി. ഇവരില്‍ 17 കുട്ടികളും ഉള്‍പ്പെടും. 480ല്‍ അധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.റഫ സിറ്റിയിലും വെസ്റ്റ്ബാങ്കിലും ഇസ്‌റാഈല്‍ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസാ സിറ്റിയിലെ ആറുനില കെട്ടിടം വ്യോമാക്രമണത്തില്‍ നിലം പൊത്തി. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു.ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് ഇസ്‌റാഈല്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ടെല്‍ അവീവിലെ കെട്ടിടം തകര്‍ന്നതായി റോയിട്ടേഴ്‌സ് വാര്‍്ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഫലസ്തീനെ അശാന്തമാക്കി ഇസ്രാഈല്‍ നരനായാട്ട് തുടങ്ങിയത്. വിശുദ്ധ മസ്ജിദുല്‍ അഖ്സയില്‍ കയറി വിശ്വാസികള്‍ക്ക് നേരെ ഇസ്റാഈല്‍ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുകളെ പോലും അപ്രസക്തമാക്കിയാണ് മേഖലയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നത്.ഇസ്‌റാഈലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം ഏറെക്കാലമായി തുടര്‍ന്നുവരുന്നതാണ്. എന്നാല്‍ ഇടക്കാലത്ത് ആക്രമണങ്ങള്‍ക്ക് നേരിയ അയവുണ്ടായിരുന്നു. എങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിരുന്നില്ല. ഇതിനിടയിലാണ് ഇസ്‌റാഈല്‍ മസ്ജിദുല്‍ അഖ്‌സയില്‍ കയറി പ്രകോപനമുണ്ടാക്കിയത്. തുടര്‍ന്ന് ഹമാസ് തിരിച്ചടിച്ചതോടെ വ്യോമാക്രമണം ഉള്‍പ്പെടെ യുദ്ധമുറകളുമായി ഇസ്‌റാഈല്‍ ഗാസ സിറ്റിയെ അശാന്തമാക്കുകയായിരുന്നു.

Comments (0)
Add Comment