നാല് മരണങ്ങളും 2000-ല്‍ താഴെ പുതിയ രോഗികളുമായി ബ്രിട്ടന്‍ കോവിഡിനെ തോല്‍പ്പിച്ച്‌ മുന്നോട്ട്

1,946 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വെറും നാല് കോവിഡ് മരണങ്ങള്‍ മാത്രം. ഇന്നല്‍ ഒരു മരണം മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സെപ്റ്റംബര്‍ 14 ന് ശേഷം ഇതാദ്യമായാണ് അടുപ്പിച്ച്‌ രണ്ട് ദിവസങ്ങളില്‍ മരണസംഖ്യ ഒറ്റയക്കത്തില്‍ നില്‍ക്കുന്നത്. വാരാന്ത്യവും ബാങ്ക് അവധിയുമൊക്കെ ആയതിനാല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള കാലതാമസമാകാം മരണനിരക്ക് കുറച്ചതെന്ന ഒരു വാദവും നിലനില്‍ക്കുന്നു.അതേസമയം, കഴിഞ്ഞ ഞായറാഴ്‌ച്ച ബ്രിട്ടനില്‍ 2,08,362 വാക്സിന്‍ ഡോസുകള്‍ നല്‍കിയതായി കണക്കുകള്‍ പുറത്തുവന്നു. ഇതോടെ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ക്ക് വാക്സിന്റെ രണ്ടു ഡോസുകളും നല്‍കിക്കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, പകുതിയിലേറെ പേര്‍ക്ക് വാക്സിന്റെ ആദ്യ ഡോസും നല്‍കിക്കഴിഞ്ഞിരിക്കുന്നു. പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്നത് വേഗത്തിലാക്കണമെന്ന ആവശ്യത്തിനും ശക്തികൂടി.ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നാണ് ഈ ആവശ്യം കൂടുതല്‍ ശക്തിയായി ഉയരുന്നത്. നിലവില്‍ ഔട്ട്ഡോര്‍ ഇടങ്ങളില്‍ സേവനം ലഭ്യമാക്കുവാന്‍ മാത്രമാണ് അനുവാദമുള്ളത്. ഇന്‍ഡോര്‍ ഇടങ്ങളില്‍ കൂടി സേവനം ലഭ്യമാക്കുവാന്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഭരണകക്ഷിയിലെ ഒരു കൂട്ടം എം പിമാരും ഈ ആവശ്യവുമായി രംഗത്തുണ്ട്. എന്നാല്‍ ബോറിസ് ജോണ്‍സണ്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാനുള്ള ഭാവമില്ല. കരുതലോടെ സാവധാനം മുന്നോട്ട് പോകാന്‍ തന്നെയാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.ഏറ്റവും അശുഭാപ്തികരമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌, ബ്രിട്ടനിലെ ആദ്യ ലോക്ക്ഡൗണിന് കാരണക്കാരനായി പ്രൊഫസര്‍ ലോക്ക്ഡൗണ്‍ എന്ന വിളിപ്പെരു കിട്ടിയ പ്രൊഫസര്‍ നീല്‍ ഫെര്‍ഗുസന്‍ പോലും ഇപ്പോള്‍ ഒരു മൂന്നാം വരവിന്റെ സാധ്യത തള്ളിക്കളയുകയാണ്. വാക്സിനുകള്‍ ഫലം ചെയ്യുന്നു എന്ന ഉത്തമബോദ്ധ്യമാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. അതുകൊണ്ടു തന്നെ വരുന്ന വേനല്‍ക്കാലത്ത് ഒഴിവുദിനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തീര്‍ത്തു പറയുന്നു.അതേസമയം, വേനലവധിക്ക് വിദേശയാത്രകള്‍ സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. വിദേശയാത്രക്കാര്‍ക്ക് കോവിഡ് പരിശോധന കിറ്റ് സൗജന്യമായി നല്‍കുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നിയമങ്ങള്‍ അനുശാസിക്കുന്ന തരത്തില്‍ പരിശോധനകള്‍ നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിനുള്ള പണച്ചെലവ് ഒഴിവാക്കുവാനായി അതിവേഗം ഫലം ലഭിക്കുന്ന പരിശോധനയ്ക്കുള്ള കിറ്റ് സൗജന്യമായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.എന്നിരുന്നാലും, വിദേശങ്ങളില്‍ നിന്നും തിരികെ എത്തുന്നവര്‍ 50 പൗണ്ട് മുടക്കി ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് പി സി ആര്‍ പരിശോധന നടത്തേണ്ടതായി വരും. വിദേശയാത്രയ്ക്ക് മേല്‍ നിലവിലുള്ള നിരോധനം നീക്കുന്ന കാര്യം മെയ്‌ 17 ന് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. എന്നാല്‍, തിരിച്ചെത്തുമ്ബോള്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ വളരെ കുറവ് രാജ്യങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളു എന്നാണ് അറിയാന്‍ കഴിയുന്നത്.അതായത്, പരിശോധന ചെലവുകളും ക്വാറന്റൈന്‍ ചെലവുമെല്ലാം ഒരു വലിയ ശതമാനം ആളുകളെ വിദേശയാത്രയില്‍ നിന്നും പിന്തിരിപ്പിച്ചേക്കാം. എന്നാലും ഇക്കാര്യത്തില്‍ ഒരു നീക്കുപോക്കിന് ആരോഗ്യ വകുപ്പ തയ്യാറല്ല. വിദേശങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ പി സി അര്‍ പരിശോധന നടത്തിയിരിക്കണം എന്ന് അവര്‍ നിര്‍ബന്ധമായി പറയുന്നു.

Comments (0)
Add Comment