നേമം കേരളത്തിലെ ഗുജറാത്താണെന്ന് പറഞ്ഞ് അഹങ്കരിച്ചവര്‍ക്ക് എല്‍ഡിഎഫിന്റെ ചുട്ട മറുപടി

ബിജെപിയുടെ നേമത്തെ അക്കൗണ്ട് വി ശിവന്‍കുട്ടി പൂട്ടിച്ചു. നേമത്തിന്റെ അക്കൗണ്ട് വി ശിവന്‍കുട്ടി സ്വന്തമാക്കിയത് മികച്ച ഭൂരിപക്ഷത്തില്‍.സംസ്ഥാന സര്‍ക്കാരിന്റെ വികസനവും മതേതര കേരളത്തെ സംരക്ഷിക്കാനുള്ള നിലപാടുകളും വിശദീകരിച്ചായിരുന്നു എല്‍ഡിഎഫ് വോട്ട് അഭ്യര്‍ഥിച്ചത്. നേമത്ത് താമര വീണ്ടും വിരിയിക്കാനാണ് കുമ്മനം രാജശേഖരന്‍ എത്തിയത്. ആര്‍എസ്‌എസിന്റെയും ബിജെപിയുടെയും എല്ലാവിധ സംഘടനാ സാധ്യതകളെയും പരമാവധി നേമത്തേക്ക് കേന്ദ്രീകരിച്ചു. കേന്ദ്ര ഭരണത്തിന്റെ ഭാഗമായി സമാഹരിച്ച വലിയ സമ്ബത്തും പ്രചാരണത്തിനായി ഉപയോഗിച്ചു. എല്ലാ സംവിധാനത്തെയും ബിജെപിക്കായി ദുരുപയോഗം ചെയ്യാനും ശ്രമിച്ചു. പല ജില്ലകളില്‍നിന്നും പ്രവര്‍ത്തകരെ എത്തിച്ചായിരുന്നു പ്രവര്‍ത്തനം. ഇതിന് ആര്‍എസ്‌എസിന്റെ നേതാക്കളുടെ കൂട്ടംതന്നെ നേതൃത്വം നല്‍കാനുണ്ടായി.മറുഭാഗത്ത് കൈയിലുള്ള എംപി സ്ഥാനം നിലനിര്‍ത്തി, ഒന്നും നഷ്ടപ്പെടാനില്ലാതെ നേമത്ത് വണ്ടിയിറങ്ങിയ കെ മുരളീധരന്‍ ലക്ഷ്യമിട്ടത് എല്‍ഡിഎഫിന് ലഭിക്കാവുന്ന മതേതര വോട്ടുകളുടെ ഭിന്നിപ്പ്. ഇതിലൂടെ പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന നിലയില്‍ കച്ചവടം ഉറപ്പിച്ചു. കോഴിക്കോട് നിന്നുപോലും കൂലിക്ക് ആളെയിറക്കി പ്രചാരണം നടത്തി. ലക്ഷ്യമിട്ടത് ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടും. എന്നാല്‍, ബിജെപി സമാഹരിക്കാവുന്ന വോട്ടില്‍ ഭിന്നിപ്പിനുള്ള ഒരു സാധ്യതയും ഉപയോഗിക്കാനും മുരളീധരനോ യുഡിഎഫ് നേതാക്കളോ തയ്യാറായില്ല. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയുമടക്കം ഇറക്കിയായിരുന്നു പ്രചാരണം. ഇവരുടെ സാന്നിധ്യം ഉറപ്പിക്കാനായി സംസ്ഥാന നേതൃത്വവുമായി കലഹിക്കാന്‍വരെ തയ്യാറായി.കോണ്‍ഗ്രസുകാരനല്ലാത്ത യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 2011ല്‍ 20,248 വോട്ടും 2016ല്‍ 13,860 വോട്ടുമാണ് ലഭിച്ചത്. ഇത്തവണ തദ്ദേശതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഒരു വാര്‍ഡിലും ജയിക്കാത്ത യുഡിഎഫിന് 25,000ല്‍പ്പരം വോട്ടു ലഭിച്ചു. എന്നിട്ടും സിംഹത്തെ പിടിക്കാന്‍വന്ന പുലിക്ക് ലഭിച്ച വോട്ട് ലക്ഷ്യം വ്യക്തമാക്കി. മതേതര വോട്ട് ഭിന്നിപ്പിച്ച്‌ ബിജെപി ജയം ഉറപ്പിക്കാനായിരുന്നു മുരളീധരന്റെ വരവ്.എല്ലാ കുപ്രചാരണത്തെയും കുടിലതന്ത്രങ്ങളെയും ശിവന്‍കുട്ടിയുടെ സംശുദ്ധ രാഷ്ട്രീയം മറികടന്നു. നാടിനൊപ്പം, നാട്ടാര്‍ക്കൊപ്പം എന്നുമുള്ള രാഷ്ട്രീയ നേതൃത്വത്തെ അവര്‍ തിരിച്ചറിഞ്ഞു. വിജയം ഉറപ്പാക്കിയ ശിവന്‍കുട്ടിയുടെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുള്ള പ്രതികരണവും അര്‍ഥവത്തായി-‘ഇനി എല്ലാവരുടെയും എംഎല്‍എ’യായിരിക്കും.

Comments (0)
Add Comment