ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ പിഎസ്ജിക്ക് കനത്ത തിരിച്ചടി

ചാമ്ബ്യന്‍സ് ലീഗ് തോല്‍വിയുടെ ക്ഷീണം മാറുന്നതിനു മുന്‍പേ ഫ്രഞ്ച് ലീഗ് കിരീടവും നഷ്ടമാകുന്ന അവസ്ഥയിലാണ് പിഎസ്ജിയുടെ കാര്യങ്ങള്‍. ഇന്നലെ നടന്ന ലീഗ് മത്സരത്തില്‍ റെന്നെസുമായി സമനിലയില്‍ പിരിഞ്ഞതോടെയാണ് പിഎസ്ജിയുടെ കിരീടമോഹങ്ങള്‍ക്ക് മങ്ങലേറ്റത്. ഇനി രണ്ടു റൗണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കുന്ന ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലില്ലെയുമായി മൂന്നു പോയിന്റിന്റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് പിഎസ്ജി. ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയന്റ് നേടിയാല്‍ ലില്ലെക്ക് കിരീടമുയര്‍ത്താം. ലീഗില്‍ 36 റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ലില്ലെ 79 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 76 പോയന്റുമായി പിഎസ്ജി രണ്ടാമതും.റെന്നെസിനെതിരേ ജയം മാത്രം ലക്ഷ്യമിട്ടാണ് പിഎസ്ജി കളത്തിലിറങ്ങിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച്‌ നെയ്മര്‍ അവര്‍ക്ക് ലീഡ് നേടിക്കൊടുക്കുകയും ചെയ്തു. നെയ്മര്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ പിഎസ്ജിയെ രണ്ടാം പകുതിയില്‍ നേടിയ ഗോളിലൂടെ റെന്നെസ് സമനിലയില്‍ പിടിച്ചു. 70ആം മിനുട്ടില്‍ സെര്‍ഹോ ഗുയിരസ്സിയാണ് റെന്നെസിനായി സമനില ഗോള്‍ നേടിയത്. 87ആം മിനുട്ടില്‍ പിഎസ്ജി പ്രതിരോധതാരം പ്രെസ്നല്‍ കിംപെംബെ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതും അവര്‍ക്ക് തിരിച്ചടിയായി. കളിയുടെ അവസാന നിമിഷങ്ങളില്‍ പത്ത് പേരായി ചുരുങ്ങിയ പിഎസ്ജിക്ക് എതിരെ റെന്നെസ് വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും മത്സരം സമനിലയില്‍ തന്നെ അവസാനിക്കുകയായിരുന്നു.മത്സരശേഷം പിഎസ്ജി ക്യാപ്റ്റനായ മാര്‍ക്വീഞ്ഞോസ് തന്റെ ടീമിന്റെ പ്രകടനത്തില്‍ നിരാശ അറിയിച്ചിരുന്നു. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മത്സരഫലം വലിയ തിരിച്ചടിയാണ് നല്‍കിയതെങ്കിലും അവസാനം വരെ വിജയം നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം താരങ്ങള്‍ നിലനിര്‍ത്തണമെന്ന് മാര്‍ക്വീഞ്ഞോസ് പറഞ്ഞു. ലില്ലെ എല്ലാ മത്സരങ്ങളിലും വിജയിക്കുന്നതിനാല്‍ കിരീടം ദുഷ്‌കരമാണെങ്കിലും ഇനിയുള്ള കളികള്‍ വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒട്ടനവധി അവസരങ്ങള്‍ ലഭിച്ചിട്ടും അത് മുതലെടുക്കാന്‍ കഴിയാതെ പോയത് ടീമിന് തിരിച്ചടിയായെന്ന് ബ്രസീലിയന്‍ താരം കൂട്ടിച്ചേര്‍ത്തു.ഈ സീസണില്‍ തോല്‍ക്കാന്‍ ഒരു സാധ്യതയുമില്ലാതിരുന്ന മത്സരങ്ങളിലടക്കം പരാജയപ്പെട്ടത് പിഎസ്ജിയുടെ നിലവിലെ അവസ്ഥക്ക് കാരണമായെന്നു പറഞ്ഞ മാര്‍ക്വീഞ്ഞോസ് അടുത്തയാഴ്ച നടക്കാനിരിക്കുന്ന മത്സരങ്ങള്‍ക്കു മുന്നോടിയായി താരങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഈ സീസണില്‍ ടീമിന് ചില പോരായ്മകളുണ്ടെങ്കിലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലാണ് പോയിന്റ് നഷ്ടപ്പെടുത്തിയതെന്നും അതിനേക്കാള്‍ മികച്ച പ്രകടനം കാണിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.നിലവിലെ സാഹചര്യത്തില്‍ ലില്ലെ മൂന്നു പോയിന്റ് നഷ്ടപ്പെടുത്തുകയും പിഎസ്ജി ഇനി ബാക്കിയുള്ള രണ്ടു മത്സരങ്ങളും വിജയിക്കുകയും ചെയ്താലേ നിലവിലെ ചാമ്ബ്യന്മാര്‍ക്ക് കിരീടം നിലനിര്‍ത്താന്‍ കഴിയൂ. സെയിന്റ് എറ്റിയെന്നെ, ആംഗേഴ്സ് എന്നിവരുമായി ലില്ലെ അവസാന രണ്ടു മത്സരങ്ങള്‍ കളിക്കുമ്ബോള്‍ പിഎസ്ജിയുടെ എതിരാളികള്‍ റെയിംസും ബ്രെസ്റ്റോയ്സുമാണ്.

Comments (0)
Add Comment