യാസ് ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ ഒരു ദശലക്ഷം പേരെ മാറ്റിത്താമസിപ്പിക്കും

ബുധനാഴ്ച വൈകീട്ട് ബംഗാള്‍, ഒഡീഷ തീരത്ത് യാസ് നിലം തൊടുമെന്നാണ് കാലാവസ്ഥാപ്രവചനം.ഒഴിപ്പിക്കല്‍ നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ചയ്ക്കുള്ളില്‍ ഒരു ദശലക്ഷം പേരെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്- സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.വിദൂരമായ ദ്വീപുകളില്‍ പ്രത്യേകിച്ച്‌ സുന്ദര്‍ബാന്‍ പ്രദേശത്ത് താമസിക്കുന്നവരെയാണ് ആദ്യം ഒഴിപ്പിക്കുന്നത്. ഈ ദ്വീപുകള്‍ ഗംഗാനദി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന അഴിമുഖത്തിന് സമീപമാണ്.കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നദിയും സമുദ്രവും വലിയതോതില്‍ പ്രക്ഷുബ്ദമാണ്. ഘോരമാര ദ്വീപില്‍ നിന്ന് മിക്കവാറും പേരെ ഒഴിപ്പിച്ചുകഴിഞ്ഞു- സൗത്ത് 24 പര്‍ഗാനാസിലെ ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ചൊവ്വാഴ്ച രാവിലെ പശ്ചിമ ബംഗാള്‍ തീരത്തുനിന്ന് 450 കിലോമീറ്റര്‍ അകലെ ചുഴലിക്കാറ്റ് എത്തിയതായാണ് വിവരം.സാധാരണ ചുഴലിക്കാറ്റില്‍ നിന്ന് ശക്തമായ ചുഴലിക്കാറ്റായി യാസ് മാറിയിട്ടുണ്ട്. ഒഡീഷയിലെ ബാലാസോറിലായിരിക്കും ചുഴലിക്കാറ്റ് ആദ്യം നിലം തൊടുകയെന്നാണ് കരുതുന്നത്.സംസ്ഥാനത്തെ 20 ജില്ലകളില്‍ ചുഴലിക്കാറ്റ് ബാധിക്കാനിടയുണ്ടെന്ന് മമതാ ബാനര്‍ജി തിങ്കളാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതില്‍ തന്നെ പശ്ചിമ മിഡ്‌നാപൂര്‍, സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ് തുടങ്ങിയ ജില്ലകളെയാണ് കൂടുതല്‍ ബാധിക്കുക.

Comments (0)
Add Comment