സൂപ്പര്‍ ലീഗില്‍ തുടര്‍ന്നാല്‍ ഇറ്റാലിയന്‍ ലീഗില്‍ നിന്ന് പുറത്ത്! ഫിഫയും യുവേഫയും എതിര്‍ക്കുന്ന യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി മുന്നോട്ടുപോവുകയാണെങ്കില്‍ യുവന്റസിനെ ഇറ്റലിയന്‍ ലീഗായ സീരിയ എയില്‍ നിന്ന് പുറത്താക്കുമെന്ന് ഇറ്റാലിയന്‍ ഫുട്‍ബോള്‍ ഫെഡറേഷനായ എഫ്‌ഐജിസി. എഫ്‌ഐജിസി പ്രസിഡന്റ് ഗബ്രിയേല്‍ ഗ്രവിനയാണ് ഇക്കാര്യം അറിയിച്ചത്.”ചട്ടങ്ങള്‍ വ്യക്തമാണ്. അടുത്ത സീസണ്‍ തുടങ്ങുമ്ബോഴും യുവന്റസ് സൂപ്പര്‍ ലീഗില്‍ തുടരുകയാണെങ്കില്‍ അവര്‍ക്ക് സീരിയ എ കളിക്കാനാകില്ല. നിയമങ്ങള്‍ നിയമങ്ങല്‍ എല്ലാവര്ക്കും ഒരുപോലെയാണ്. അതുകൊണ്ട് തന്നെ യുവന്റസ് ആരാധകരെ കുറിച്ച് ആലോചിക്കുമ്ബോള്‍ എനിക്ക് വിഷമമുണ്ട്…എല്ലാ കാര്യത്തിലും പെട്ടെന്ന് തന്നെ തീരുമാനമുണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,” ഇറ്റാലിയന്‍ റേഡിയോ ചാനലായ റേഡിയോ കിസ് കിസ്സിനോട് ഗ്രവിന പറഞ്ഞു.യൂറോപ്യന്‍ സൂപ്പര്‍ ലീഗ് സ്ഥാപിച്ച 12 ക്ലബ്ബുകളില്‍ ഒമ്ബതുപേര്‍ നേരത്തെ കൊഴിഞ്ഞുപോയി. യുവന്റസ്, റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ എന്നീ ക്ലബ്ബുകള്‍ മാത്രമാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗെന്ന ആശയവുമായി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ഇവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിഫയും യുവേഫയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.സൂപ്പര്‍ ലീഗില്‍ നിന്ന് കൊഴിഞ്ഞുപോയ ഒമ്ബത് ക്ലബ്ബുകള്‍ അവരുടെ ആരാധകരോടും അതാത് ദേശീയ ഫുട്‍ബോള്‍ അസോസിയേഷനോടും ലീഗുകളോടും തങ്ങളുടെ നടപടി തെറ്റെന്ന് ബോധ്യപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. യുവേഫ അംഗീകരിക്കാത്ത ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നത് ശിക്ഷാര്‍ഹമാണ്. അങ്ങനെ ചെയ്യുന്ന ക്ലബ്ബുകള്‍ക്ക് 100 മില്യണ്‍ യൂറോ വരെ പിഴ നല്കേണ്ടിവരുമെന്നാണ് യുവേഫ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.