സംസ്ഥാന സര്‍ക്കാരിന്‍റെ അതിവേഗ റെയില്‍ പാത പദ്ധതിക്ക് വിദേശവായ്പ സ്വീകരിക്കുന്നതിനുള്ള അനുമതിയായി

നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തിച്ചേരാവുന്നതാണ് പദ്ധതി. ഇതിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജൂണിലാണ് തത്വത്തില്‍ അനുമതി നല്‍കിയത്.64000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 33700 കോടി വിദേശ വായ്പ എടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. ഇതിനായി എ.ഡി.ബി വായ്പക്കായി സമര്‍പിച്ച രേഖകളില്‍ നീതി ആയോഗ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പദ്ധതി ചെലവ് പ്രായോഗികമാണോയെന്ന് വ്യക്തമാക്കാനായിരുന്നു നിര്‍ദ്ദേശം. കേരള റെയില്‍ ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍ സമര്‍പ്പിച്ച സാങ്കേതിക പഠന റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് നീതി ആയോഗ്, വിദേശ വായ്പ സ്വീകരിക്കുന്നതിന് അനുമതി നല്‍കിയത്.അതേസമയം, പദ്ധതിക്ക് രണ്ടുമാസത്തിനുള്ളി‍ല്‍ റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ പദ്ധതിക്ക് തുടക്കമിടാം. സ്ഥലമേറ്റെടുപ്പിനുള്ള 13000 കോടിയില്‍ 3000 കോടി രൂപ ഹഡ്കോയില്‍ നിന്നുള്ള വായ്പയായി ലഭിച്ചു. ബാക്കി തുക കിഫ്ബിയില്‍ നിന്നും ഇന്ത്യന്‍ റെയില്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും കണ്ടെത്തണം. സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്താലുടന്‍ ഇതിന് ഭരണാനുമതി നല്‍കുമെന്നാണ് സൂചന.

Comments (0)
Add Comment